പ്രത്യേക പരിഗണനയര്‍ഹിക്കുന്ന മകള്‍ക്കൊപ്പം യാത്ര ചെയ്യാനാവില്ലെന്ന് പറഞ്ഞ് മലയാളികളായ ദമ്പതികളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

സിംഗപ്പൂര്‍: പ്രത്യേക പരിഗണനയര്‍ഹിക്കുന്ന മകള്‍ക്കൊപ്പം യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് മലയാളികളായ ദമ്പതികളെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈനിലാണ് സംഭവം നടന്നത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നിന്ന് വിമാനത്തില്‍ കയറിയപ്പോഴാണ് കൊച്ചി സ്വദേശിനിയായ ദിവ്യ ജോര്‍ജിനെയും ഭര്‍ത്താവിനെയും ക്യാപ്റ്റനും സംഘവും അധിക്ഷേപിച്ച് ഇറക്കിവിട്ടത്.

സംഭവത്തെ കുറിച്ച് ദിവ്യ ജോര്‍ജ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്. സ്വന്തമായി ഇരിക്കാന്‍ പോലും കഴിയാത്ത കുഞ്ഞിനെ വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്നായിരുന്നു പൈലറ്റ് പറഞ്ഞത്. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്താല്‍ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്’, ദിവ്യയുടെ പോസ്റ്റില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് കുഞ്ഞിനെ മടിയില്‍ വച്ച് ഭര്‍ത്താവ് വിമാന ജീവനക്കാരോട് സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവിട്ടു. എന്നാല്‍ ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഒട്ടും മനസ്സലിവു കാണിച്ചില്ല. ഇവരെ ഇറക്കിവിടുകയും ചെയ്തു.

അഞ്ചു വര്‍ഷത്തിനിടെ മകളുമൊന്നിച്ച് 67 ആകാശയാത്രകള്‍ നടത്തിയിട്ടുണ്ട്. ആദ്യം ചെറിയ ആശങ്കകള്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും കാര്യം പറഞ്ഞാല്‍ അവരെല്ലാം മനസ്സിലാക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നും ദിവ്യ കുറിച്ചു.

ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. ഒന്‍പതു കിലോയില്‍ കുറവായതിനാല്‍ അവള്‍ക്കു പ്രത്യേകം ടിക്കറ്റ് എടുക്കാറില്ല. മടിയിലാണു മിക്കവാറും ഇരുത്താറുള്ളത്. എന്നാല്‍ ഇത്തവണ മോള്‍ക്കു ടിക്കറ്റ് എടുത്തിരുന്നു. വിമാനത്തിനുള്ളില്‍ കയറുമ്പോള്‍ ക്യാപ്റ്റന്‍ ഞങ്ങളുടെ അടുത്തുവന്നു കാര്യങ്ങള്‍ തിരക്കാറുണ്ട്. മോള്‍ക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സീറ്റുബെല്‍റ്റും അനുവദിക്കാറുണ്ട്. ഇത്തവണ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല.

അവധിക്കാലത്തിന്റെ തുടക്കം ദുഃസ്വപ്നം ആകുന്നതു നേരിട്ടനുഭവപ്പെട്ടു. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെല്‍റ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോള്‍ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ബേബി ബെല്‍റ്റ് അനുവദിക്കാന്‍ ശ്രമിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റന്‍ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്‌നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങള്‍ കടന്നുപോയത്.

മുഴുവന്‍ യാത്രക്കാരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. ഞങ്ങളുടെ ലഗേജ് പുറത്തിറക്കിയതായി പിന്നാലെ അറിയിപ്പു വന്നു. തൊട്ടുപിന്നാലെ ഞങ്ങള്‍ക്കും ഇറങ്ങേണ്ടി വന്നു- ദിവ്യ പറഞ്ഞു. ഇത്രയും പറഞ്ഞത് ചിലതു വ്യക്തമാക്കാനാണ്. പരിഹാസങ്ങള്‍ സഹിക്കാനാവാത്തതിനാലാണ്. സ്വന്തമായി സീറ്റുബെല്‍റ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്ന് വിമാന ക്യാപ്റ്റന്‍ പറയുമ്പോള്‍ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ എന്തെങ്കിലും തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സ്‌കൂട്ട് എയര്‍ലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

Top