മിഷേലിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി; രണ്ട് ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്കെതിരെ പൊലീസ് കേസെടുക്കും

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹത്തിന്റെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. ജസ്റ്റിസ് ഫോര്‍ മിഷേല്‍ ഷാജി, ജസ്റ്റിസ് ഫോര്‍ മിഷേല്‍ എന്നീ ഗ്രൂപ്പുകള്‍ക്കെതിരെയാണ് നടപടിയെടുക്കുക. ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ഉടന്‍ ചോദ്യം ചെയ്യും. മൃതദേഹത്തിന്റെ ചിത്രത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് സോഷ്യല്‍മീഡിയ വഴി വ്യാജ ചിത്രം പ്രചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

കാണാതാകുമ്പോള്‍ മിഷേല്‍ ധരിച്ചിരുന്ന ചിത്രമല്ല മൃതദേഹത്തില്‍ എന്ന തരത്തിലാണ് പ്രചരണം. മിഷേലിന്റെ പേരില്‍ ആരംഭിച്ച ഫെയ്‌സ്ബുക്ക് പേജ്, വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ എന്നിവ വഴിയാണ് ചിത്രം പ്രചരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരം കേസെടുക്കുമെന്നുമെന്ന് പൊലീസ് അറിയിച്ചു. രണ്ടിലെയും വസ്ത്രങ്ങള്‍ തമ്മില്‍ പ്രഥമദൃഷ്ട്യാ വ്യത്യാസം തോന്നിക്കും. ഈ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ധ്വനിപ്പിക്കുന്ന പ്രചാരണം നടത്തിയിരിക്കുന്നത്. മൃതദേഹം കണ്ടെടുത്തപ്പോള്‍ മുതല്‍ പൊലീസ് എടുത്ത മുഴുവന്‍ ഫോട്ടോകളിലും വസ്ത്രം ഒരേ നിറത്തിലുള്ള ചുരിദാറാണ്. മാത്രമല്ല, മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഒട്ടേറെ നാട്ടുകാരും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അതിലും ഒരേ ചുരിദാറാണു വേഷം. എന്നാല്‍ ഇന്‍ക്വസ്റ്റ് റൂമില്‍ കിടത്തിയിരിക്കുന്നതായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ ടീ ഷര്‍ട്ട് എന്നു തോന്നിപ്പിക്കുന്ന മേല്‍വസ്ത്രമാണ് വേഷം. ഈ ഫോട്ടോയില്‍ മോര്‍ഫിങ് നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം.ഇന്‍ക്വസ്റ്റ് റൂമില്‍ ഉണ്ടായിരുന്ന മിഷേലിന്റെ ചില ബന്ധുക്കള്‍ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ പുറത്തുപോയിരിക്കാമെന്നും ചിത്രത്തില്‍ മാറ്റം വരുത്തിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു. മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം ഉപയോഗിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നതിനെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും അതിന്റെ കാരണം കണ്ടെത്താനാകാത്ത അവസ്ഥയിലാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്. മിഷേലിന്റെ ഫോണ്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്ന ക്രോണിന്റെ ഫോണില്‍ നിന്നും ഇതിനുള്ള തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഇതിനിടെ മിഷേലിന്റെ ബാഗും ഫോണും കണ്ടെത്താന്‍ കൊച്ചി കായലില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചില എസ്എംഎസുകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിന്‍ മാച്ച് കളഞ്ഞിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന്റെ തെളിവുകള്‍ ഫോണില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷ ക്രൈംബ്രാഞ്ചിനുണ്ടായിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ലഭ്യമായ തെളിവുകള്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. മിഷേലിന്റെ അടുത്ത സുഹൃത്തുക്കള്‍ ആത്മഹത്യ സാധ്യത തള്ളിക്കളയുകയാണ്. അടുത്ത കൂട്ടുകാരില്‍ നിന്നുപോലും മറച്ചുവച്ച മിഷേലിനും ക്രോണിനും മാത്രമറിയാവുന്ന എന്തെങ്കിലും രഹസ്യം ആത്മഹത്യയ്ക്ക് പിന്നിലുണ്ടോയെന്നാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.

Top