ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി; നീതി തേടി മിഷേലിന്റെ അമ്മ

തന്റെ പൊന്നുമോൾക്കു നീതി കിട്ടണം എന്ന് മിഷേലിന്റെ അമ്മ.ജനുവരിയില്‍ പതിനെട്ടു വയസ്സ് തികഞ്ഞു മിഷേലിന്. വാവ എന്നാണ് ഞങ്ങള്‍ അവളെ വിളിച്ചിരുന്നത്. കാര്‍ ഡ്രൈവിങ് പഠിക്കണമെന്ന് വലിയ മോഹമായിരുന്നു. ൈലസന്‍സ് എടുക്കാന്‍ വേണ്ടി പതിനെട്ടു വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു അവള്‍.” ഇത് പറഞ്ഞ് മിഷേലിന്റെ അമ്മ സൈലമ്മ വിങ്ങിക്കരഞ്ഞു. കൊച്ചിയില്‍ നിന്ന് ദൂരുഹസാഹചര്യത്തില്‍ പിറവംകാരി മിഷേല്‍ ഷാജിയെ കാണാതായി എന്ന വിവരത്തിനു പിന്നാലെ വന്ന വാര്‍ത്ത ഈ കുടുംബത്തെ തകര്‍ത്തു കളഞ്ഞു. മകളുടെ മരണം ഉള്‍ക്കൊള്ളാന്‍ ഈ മാതാപിതാക്കള്‍ക്ക് ഇനിയുമായിട്ടില്ല. ഒന്നും പറയാനാകാതെ കണ്ണീര്‍ശില പോലെ, മിഷേലിന്റെ അച്ഛന്‍ ഷാജി. ഇടറുന്ന വാക്കുകളില്‍ സങ്കടമടക്കി സൈലമ്മ മകളെക്കുറിച്ച് പറഞ്ഞുതുടങ്ങി.

”എല്ലാത്തിനും വലിയ ഉത്സാഹമായിരുന്നു, ഒന്നിനും പിറകോട്ടു നില്‍ക്കുന്ന സ്വഭാവമില്ല. കണക്ക് അവള്‍ക്ക് ഇഷ്ടമുള്ള വിഷയമായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകുക എന്നതായിരുന്നു സ്വപ്നം. അതിനു കാരണവും അവള്‍ തന്നെ പറഞ്ഞു, നല്ലൊരു ജോലി ഉറപ്പാക്കാം. നേരത്തേ ജീവിതം തുടങ്ങാം.’ അങ്ങനെ ജീവിതം പ്ലാന്‍ ചെയ്തിരുന്ന മോള്‍ ഇത്ര നേരത്തേ ജീവിതം അവസാനിപ്പിക്കുമോ? ഞങ്ങള്‍ക്ക് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയര്‍ കോളജിലാണ് അവള്‍ ആറാം ക്ലാസു മുതല്‍ പന്ത്രണ്ടാം ക്ലാസുവരെ പഠിച്ചത്. പതിനൊന്നാം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും സ്‌കൂള്‍ െചയര്‍പേഴ്‌സനായിരുന്നു. ചെറുപ്പത്തിലേ ഡാന്‍സ് പഠി കുന്നുണ്ടായിരുന്നു. അരങ്ങേറ്റവും നടത്തി. ക്ലാസിക്കലും വെസ്റ്റേണ്‍ ഡാന്‍സും പഠിച്ചു. എല്ലാ പരിപാടികള്‍ക്കും അവതാരകയും മോളായിരുന്നു. സ്‌കൂളിലെ മറ്റു കുട്ടികള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ മോള്‍ ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ മോളെ എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു.

പ്ലസ്ടുവിന് ബയോമാത്സ് ആണ് മോള്‍ പഠിച്ചത്. എന്‍ട്രന്‍സ് എഴുതിയിരുന്നെങ്കില്‍ ഉറപ്പായും മെഡിസിനു കിട്ടുമായിരുന്നു. അഞ്ചുവര്‍ഷം മെഡിസിന്‍, പി.ജിക്ക് രണ്ടുവര്‍ഷം. എല്ലാം കഴിയുമ്പോള്‍ പത്തുവര്‍ഷം പോകുമെന്നും അപ്പോഴേക്കും കിഴവിയാകും, ജീവിതം കഴിയും എന്നൊക്കെയായിരുന്നു മോളുടെ വാദം. അതുകൊണ്ടാണ് സി.എ.യ്ക്ക് ചേര്‍ന്നത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ടായിരുന്നു. ഒരിക്കല്‍ പോലും ‘നീയിരുന്നു പഠിക്ക് മോളേ…’ എന്നു പറയേണ്ടി വന്നിട്ടില്ല. ചുറ്റുമുള്ളവരോട് നല്ല സ്‌നേഹമുണ്ടായിരുന്നു.

സ്‌കൂള്‍ ബസില്‍ എപ്പോള്‍ നോക്കിയാലും മൂന്നാലു എല്‍. കെ.ജി കുട്ടികള്‍ അവളുടെ മടിയിലുണ്ടാകും. ആ കുട്ടികളും ‘മിഷേലേ’ എന്നാണു വിളിക്കുന്നത്. ഒരു ദിവസം എന്നോടു പറഞ്ഞു, ‘മമ്മീ.. ഈ കൊച്ചുങ്ങള്‍ക്ക് എന്നോട് ഒരു ബഹുമാനവുമില്ല. എന്നെക്കാളും ചെറിയ കുട്ടികളെയൊക്കെ ഇവര്‍ ചേച്ചീ എന്നാണു വിളിക്കുന്നത്. എന്നോടെന്താ ഇങ്ങനെ…’ ഞാന്‍ പറഞ്ഞു, ‘നീ ആ കുട്ടികളെക്കാളും ചെറുതായതുകൊണ്ടല്ലേ അവര്‍ അങ്ങനെ വിളിക്കുന്നത്.’ കുട്ടികളെ അത്രയ്ക്കും ഇഷ്ടമായിരുന്നു അവള്‍ക്ക്.

സഹപാഠികളൊക്കെ പറയും ഒരു ദിവസമെങ്കിലും മിഷേലിനോട് സംസാരിച്ചിട്ടുള്ള ആരും പിന്നെ, അവളെ മറക്കില്ലെന്ന്. അതായിരുന്നു ഞങ്ങളുടെ മകള്‍. കൂട്ടുകാരൊക്കെ പറയുന്നത് അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ്. ഏതു പ്രതിസന്ധിയേയും മറികടക്കാനുള്ള കഴിവ് അവള്‍ക്ക് ഉണ്ടായിരുന്നു. ചിരിച്ച മുഖത്തോടെയല്ലാതെ എന്റെ മകളെ കണ്ടിട്ടില്ല. മോള്‍ ദിവസവും പള്ളിയില്‍ പോകും, പ്രാര്‍ഥിക്കും. കുട്ടിക്കാലത്തേ മുതല്‍ അതാണു ശീലം. കാണാതാകുന്ന ദിവസം അവള്‍ രണ്ടുവട്ടം വിളിച്ചിരുന്നു. എറണാകുളത്തേക്കു ചെല്ലാനും പറഞ്ഞു. അന്ന് എന്റെ അപ്പച്ചന്‍ മരിച്ചതിന്റെ ഓര്‍മചടങ്ങുകള്‍ നടക്കുകയായിരുന്നു. പിേറ്റന്ന് പോകാമെന്ന് കരുതി. ഇപ്പോള്‍ അതോര്‍ക്കുമ്പോള്‍ ഒരു നീറ്റലാണ് ഉള്ളില്‍.

മോള്‍ക്ക് ചക്ക വറുത്തത് വലിയ ഇഷ്ടമാണ്. പിറ്റേന്ന് രാവിലെ പപ്പ പോകുമ്പോള്‍ കൊടുത്തയയ്ക്കാന്‍ വേണ്ടി ഞാന്‍ ചക്ക വറുത്തു. എന്തായാലും രാത്രി വിളിക്കാമെന്നു പറഞ്ഞാണ് അവസാനം ഫോണ്‍ വച്ചത്. വീട്ടിലെ ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ അല്‍പം വൈകി . എട്ടുമണി വരെ മാത്രമേ ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയൂ. അതുകൊണ്ടു പിന്നെ, വിളിച്ചില്ല. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോള്‍ ഹോസ്റ്റലില്‍ നിന്നു ഫോണ്‍ വന്നു, മിഷേല്‍ എത്തിയില്ലെന്നു പറഞ്ഞ്. ഞങ്ങള്‍ നേരേ എറണാകുളത്തേക്കു പോയി. പിന്നീട് സംഭവിച്ചതൊന്നും ഓര്‍ക്കാന്‍ വയ്യ. അത്രയ്ക്കും ക്രൂരമായിപ്പോയി ആരൊക്കെയോ ഞങ്ങളുടെ കുട്ടിയോട്‌ െചയ്തത്.

സമപ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെയായിരുന്നില്ല അവള്‍. നല്ല മനോൈധര്യം ഉണ്ടായിരുന്നു. ശരീരവും മനസ്സും എപ്പോഴും ശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള കുട്ടിയായിരുന്നു. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും ഡാന്‍സ് പ്രാക്ടീസ് ചെയ്യും. വ്യായാമത്തിനു കൂടി വേണ്ടിയാണ് ഇതെന്നു പറയാറുണ്ട്. അതുപോലെ രാത്രി എഴു മണിക്കുശേഷം ആഹാരം കഴിക്കില്ല. എത്ര ഇഷ്ടമുള്ള ആഹാരമാെണങ്കിലും ഒരുപരിധി വിട്ട് കഴിക്കാറേയില്ല.

അവളുടെ വല്യപ്പന്‍ അമേരിക്കയിലുണ്ട്. അദ്ദേഹമാണ് മിഷേല്‍ എന്നും ൈമക്കിള്‍ എന്നും മക്കള്‍ക്കു പേരിട്ടത്. ഞങ്ങളേക്കാള്‍ തകര്‍ന്നുപോയത് അവളുടെ അനിയനാണ്. മോന്‍ എട്ടാം ക്ലാസിലാണ്. ‘വാവച്ചേച്ചി’ എന്നാണ് അവന്‍ അവളെ വിളിച്ചിരുന്നത്. മോളെ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ അവന്‍ കാണാന്‍ കൂട്ടാക്കിയില്ല. എന്റെ ചേച്ചി ഇതല്ല, ചേച്ചി ഒരിക്കലും ഇങ്ങനെ വരില്ല എന്നായിരുന്നു അവന്റെ നിലവിളി. അവന്റെ മുന്നില്‍ തളരാതിരിക്കാനാണ് ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നത്. അവനു വേണ്ടി ഞങ്ങള്‍ കണ്ണീരൊതുക്കി വയ്ക്കുകയാണ്. രാത്രി ദൈവത്തെ വിളിച്ചു കരയും. ഞങ്ങളെ താങ്ങിനിര്‍ത്താന്‍ പറയും. ഇരുട്ടിലും ദൈവം കണ്ണീരു കാണുന്നുണ്ട് എന്നല്ലേ വിശ്വാസം.

മോന്‍ എപ്പോഴും ടി.വി കണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ അവനെ വഴക്കുപറയും. അപ്പോള്‍ മോളു പറയും, ‘അവന്റെ കാര്യത്തില്‍ നിങ്ങള്‍ ടെൻഷനടിക്കണ്ട അവന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം’ എന്ന്. ഇപ്പോള്‍ മോന്‍ ചോദിക്കുന്നുണ്ട്, ‘എന്റെ കാര്യമൊക്കെ നോക്കിക്കൊള്ളാമെന്ന് വാവച്ചേച്ചി കള്ളം പറഞ്ഞതാണോ’ എന്ന്. എറണാകുളത്തായിരുന്നപ്പോഴും മോള്‍ എന്നും പള്ളിയില്‍ പോകും. ഞാന്‍ പറയാറുണ്ട്, ‘മോളേ, നീ പത്രം കാണാറില്ലേ. എന്തൊക്കെ വാര്‍ത്തകളാ വന്നു കൊണ്ടിരിക്കുന്നത്.

ഒറ്റയ്ക്ക് എങ്ങും പോകല്ലേ, ഞങ്ങള്‍ക്കു പേടിയാ’ എന്ന്. ‘പള്ളിയില്‍ ദൈവത്തെക്കാണാന്‍ പോകുമ്പോള്‍ എന്തിനാ കൂട്ട്’ എന്നാണ് അവളു ചോദിച്ചത്. നമ്മളെയൊക്കെ ദൈവം രൂപാന്തരപ്പെടുത്തിയിട്ടാണ് സ്വര്‍ഗത്തിലേക്ക് എടുക്കുന്നത്. എന്നാല്‍ ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ളവരെ നേരിട്ട് വിളിക്കും. ഞങ്ങളുടെ മോളെ ദൈവത്തിന് അത്രയ്ക്കും ഇഷ്ടമായിരുന്നു എന്നാണ് ആശ്വസിക്കുന്നത്.

അന്തോണീസ് പുണ്യാളന്റെ തിരുനടയില്‍ നിന്നാണ് അവള്‍ അപ്രത്യക്ഷയായിരിക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്, ഞങ്ങള്‍ക്ക് നീതി കിട്ടും. മോള്‍ക്ക് എന്തുസംഭവിച്ചുവെന്ന് പുണ്യാളന്‍ പറഞ്ഞുതരും. മകളുടെ അടക്കം കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ നീതിക്കായി അലഞ്ഞുനടക്കുകയാണ്. മോളുടെ ആത്മാവിനു നിത്യശാന്തി കിട്ടണമെങ്കില്‍ ആ സത്യം ഞങ്ങള്‍ക്കറിയണം.

നൊന്തു പ്രസവിച്ച് പതിനെട്ടു വര്‍ഷം പോറ്റി വളര്‍ത്തിയ അമ്മയാണ് യാചിക്കുന്നത്. ഞങ്ങളുടെ മോള്‍ എങ്ങനെ ഇല്ലാതായെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞാല്‍ മതി. മകള്‍ എങ്ങനെ മരിച്ചു എന്നറിയാനുള്ള അവകാശം മാതാപിതാക്കള്‍ക്ക് ഇല്ലേ ? മോള്‍ ഇരുപത്തിനാലു മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു എന്നാണു പറയുന്നത്. എന്നാല്‍ അവളെ പുറത്തെടുത്ത് കിടത്തിയപ്പോള്‍ നീന്തിക്കയറി കരയില്‍ വന്നു കിടക്കുന്നതുപോലെയാണു തോന്നിയത്. ഒരു തുള്ളി വെള്ളം പോലും വയറ്റിലുണ്ടായിരുന്നില്ല. അവളുടെ നിറം അല്‍പ്പം പോലും മങ്ങിയിരുന്നല്ല. മൂക്കിനു താഴെ രണ്ടു നഖപ്പാടുകള്‍ ഉണ്ടായിരുന്നു. അതെങ്ങനെ വന്നുവെന്ന് അറിയണം?

ഞങ്ങളുടെ മുഖം മങ്ങുന്നത് അവള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഞങ്ങള്‍ വിഷമിച്ചു നില്‍ക്കുമ്പോള്‍ കാറ്റുപോലെ പറന്നുവരും. എന്താ കാര്യമെന്ന് അന്വേഷിക്കും. എന്നിട്ട് ‘ചിരിച്ചേ…. ചിരിച്ചേ…’ എന്നു പറഞ്ഞ് രണ്ടു കവിളിലും പിടിച്ചു ചിരിപ്പിച്ചേ അവള്‍ പോകൂ. ഇപ്പോള്‍ എത്രയോ ദിവസമായി ഞാനിങ്ങനെ കരഞ്ഞുകൊണ്ടിരിക്കുന്നു. എന്താണ് അവള്‍ വരാത്തത്? എന്റെ കവിളില്‍ പിടിച്ചു ചിരിപ്പിക്കാത്തത്. ദൈവമേ, നീ അല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരാശ്രയമില്ല.”

Top