കൊച്ചി: സി എ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആരോപണ വിധേയരായ കൊച്ചി പോലീസ് വിദ്യാര്‍ത്ഥിനിക്കെതിരെ ചില മാധ്യമ പ്രവര്‍ത്തകരെ ഉപയോഗിച്ച് കള്ളക്കഥ മെനയുന്നതായി ആരോപണം. പിടിയിലായ യുവാവ് മിഷേല്‍ ഷാജിയുടെ ബന്ധുവാണെന്നായിരുന്നു പോലീസ് പ്രചരിപ്പിച്ചത്.എന്നാല്‍ യാതൊരു തരത്തിലും ഇയാളുമായി കുടുംബത്തിന് ബന്ധമില്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കുകയായിരുന്നു.
ബോധപൂര്‍വ്വമാണ് പോലീസ് ഇത്തരമൊരു ആരോപണം പ്രചരിപ്പിച്ചത്. കേസന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം ശക്തമായിരിക്കെയാണ് പോലീസ് പെണ്‍കുട്ടിയെ കുറിച്ച് കള്ളക്കഥകള്‍ മെനയുന്നത്. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇപ്പോള്‍ പോലീസ് ശ്രമിക്കുന്നതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.
മകളുടെ മരണത്തില്‍ പോലീസ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് മിഷേലിന്റെ കുടുംബം ആരോപിച്ചു. അന്വേഷണം സംബന്ധിച്ച് പോലീസ് പലതും മറച്ചുവച്ചുവെന്നും കുടുംബത്തിന് പരാതിയുണ്ട്. മാധ്യമ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സെട്രല്‍ സ്റ്റേഷനിലെ സി ഐ അനന്തലാലിനെതിരെയാണ് ഇത്തരം വ്യാജ കഥകളുടെ സംശയം നീളുന്നതും. പെണ്‍കുട്ടി മരിച്ചതിന് ശേഷവും സി ഐ വരുത്തിയ ഗുരുതരമായ വീഴ്ച്ച സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
മിഷേലിനെ കാണാതായ ദിവസം ലഭിച്ച പരാതി പരിശോധിക്കുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നും കുടുംബം ആരോപിച്ചു. അഞ്ചാം തീയതി മിഷേലിനെ കാണാതായ ദിവസം കുടുംബം പരാതിയുമായി എത്തിയെങ്കിലും പോലീസ് വേണ്ടത്ര ജാഗ്രത കാട്ടിയില്ല. കുടുംബത്തിന് മൂന്നു പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടിവന്നു.
സ്ത്രീകളെയും കുട്ടികളെയും കാണാതായ പരാതി വന്നാല്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന ഡി.ജി.പിയുടെ നിര്‍ദ്ദേശം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പാലിച്ചില്ല. തൊട്ടടുത്ത ദിവസം മാത്രമാണ് ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള നടപടി സ്വീകരിച്ചത്.
അതിനിടെ, റിമാന്റില്‍ കഴിയുന്ന പ്രതി ക്രോണിന്‍ അലക്‌സാണ്ടറുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.