തീവ്രവാദികള്‍ തട്ടികൊണ്ടുപോയ കോഴിക്കോട് സ്വദേശി സുരക്ഷിതന്‍; ഭീകരവാദികള്‍ക്ക് ഐസിസുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

കോഴിക്കോട് :ലിബിയയില്‍ കോഴിക്കോട് സ്വദേശി റെജി ജോസഫിനെയും മൂന്ന് സഹപ്രവര്‍ത്തകരെയും തട്ടികൊണ്ട് പോയത് സര്‍ക്കാര്‍ വിരുദ്ധ സംഘടനയായ മിലിഷ്യയെന്ന് സൂചന. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കിട്ടിയ പ്രാഥമിക വിവരമാണ് ഇത്. ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി ഈ സംഘടനയ്ക്ക് ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന. കോഴിക്കോട് പേരാമ്പ്രയില്‍ ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ ജോസഫിന്റെ മകന്‍ റെജി ജോസഫിനെയും (43) മൂന്ന് സഹപ്രവര്‍ത്തകരെയുമാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മാര്‍ച്ച് 31നാണ് സംഭവം. റെജി ജോസഫിനൊപ്പം സംഘം തട്ടിക്കൊണ്ടുപോയവര്‍ ലിബിയന്‍ സ്വദേശികളാണ്.

മുഖ്യമന്ത്രി, വിദേശകാര്യമന്ത്രാലയം, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍മുഖേന ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മോചനത്തിനായി ബന്ധുക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലെ താമസ സ്ഥലത്തുനിന്ന് ജോലിക്കുപോയതായിരുന്നു റെജി. ജോലിസ്ഥലത്തുനിന്ന് റെജി ഉള്‍പ്പെട്ട സംഘത്തെ തട്ടിക്കൊണ്ടു പോയതായി സ്ഥാപനമേലധികാരി ലിബിയയിലുള്ള ഭാര്യ ഷിനുജയെ അറിയിക്കുകയായിരുന്നു. ലിബിയയിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് റെജിയുടെ ഭാര്യ ഷിനുജ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെജി ജോസഫും കൂട്ടുകാരും സുരക്ഷിതരാണെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന് കിട്ടിയിരിക്കുന്ന വിവരം. ലിബിയയിലെ ഇന്ത്യന്‍ എമ്പസിയുമായി സ്ഥിതിഗതികള്‍ ആരാഞ്ഞു വരികയാണെന്നാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇവിടെ സിവിലിയന്‍ രജിസ്‌ട്രേഷന്‍ അഥോറിറ്റി പ്രൊജക്ടില്‍ രണ്ടുവര്‍ഷമായി ജോലിചെയ്യുകയാണ് റെജി. ഭാര്യക്കും മക്കളായ ജോയന, ജോസിയ, ജാനിയ എന്നിവര്‍ക്കുമൊപ്പമാണ് താമസം. 2007ലാണ് ആദ്യം ലിബിയയിലേക്ക് പോയത്. ആഭ്യന്തരപ്രശ്‌നങ്ങളെത്തുടര്‍ന്ന് 2010 ല്‍ നാട്ടിലേക്ക് തിരിച്ചുപോന്നു. 2014ല്‍ വീണ്ടും പോവുകയായിരുന്നു. റജി ജോലിചെയ്തിരുന്ന പ്രോജക്ടിന്റെ വെബ്‌സൈറ്റ് മാര്‍ച്ച് പകുതിയോടെ ഹാക്കര്‍മാര്‍ തകര്‍ത്തിരുന്നു. അതിനുശേഷം ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. സൈറ്റ് ശരിയാക്കിയതായും തിരികെ ജോലിക്കെത്താമെന്നും സ്ഥാപനം അറിയച്ചതിനെ ത്തുടര്‍ന്ന് 31നാണ് വീണ്ടും ജോലിക്ക് പോയത്.

കഴിഞ്ഞ 31 ന് പേരാമ്പ്രയിലെ കുടുംബാംഗങ്ങള്‍ റെജിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല . പിന്നീടാണ് തട്ടിക്കൊണ്ടുപോയ വിവരം നാട്ടില്‍ അറിയുന്നത്. ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റെജിയുടെ സഹോദരങ്ങളായ ജോജോ ,ജിനോ എന്നിവര്‍ പറഞ്ഞു. റെജി സുരക്ഷിതനാണെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

Top