ദുബായ് : യുഎഇയില്‍ കാണാതായ മലയാളി വീട്ടമ്മയെ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ഉബൈസയെ രണ്ടാഴ്ച മുന്‍പാണ് കാണാതായത്.ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഫലവത്താവുകയായിരുന്നു. സംഭവം ഇങ്ങനെ. പെരിങ്ങളത്തെ മുനീര്‍ നടുക്കുന്നിലിന്റെ ഭാര്യയാണ് ഉബൈസ. ഡ്രൈവറായ മുനീറിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ഇതേ തുടര്‍ന്ന് ജോലിക്കുപോകാന്‍ വയ്യാതായി.മൂന്ന് പെണ്‍മക്കളടങ്ങുന്ന കുടുംബം അങ്ങനെ പ്രതിസന്ധിയിലായി. ഇതോടെയാണ് ഉബൈസ ഗള്‍ഫില്‍ വീട്ടുജോലിക്കായി ശ്രമിച്ചത്. കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സിയിയിലെ ഒരാളാണ് സന്ദര്‍ശക വിസയും വിമാനടിക്കറ്റും തരപ്പെടുത്തിയത്. തുടര്‍ന്ന് നവംബര്‍ 30ന് ഡല്‍ഹിയില്‍ നിന്ന് ഉബൈസ യുഎഇയിലേക്ക് യാത്ര തിരിച്ചു. ആദ്യ 12 ദിവസം ഒരു ഫ്‌ളാറ്റിലായിരുന്നു. ഉബൈസയെ പോലെ വേറെയും വനിതകളുണ്ടായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 13ന് ഒമാനിലേക്ക് കൊണ്ടുപോയി. അവിടെ ഒരു വീട്ടില്‍ ജോലി ശരിയായി. എന്നാല്‍ മുട്ടുവേദന വന്നതോടെ പ്രതിസന്ധി വേട്ടയാടി. അവിടെ ചികിത്സ പോലും നിഷേധിക്കപ്പെട്ടു. ഇവിടെ വെച്ച് 40 കാരി ഒരു തവണ മുനീറിനെ വിളിച്ചിരുന്നു. പക്ഷേ പിന്നീട് ഫോണ്‍ വിളികളുണ്ടായില്ല. മുട്ടുവേദന മൂലം വീട്ടുജോലി സാധ്യമാകാതെ വന്നതോടെ മസ്‌കറ്റില്‍ ഒരു ഓഫീസിലേക്ക് മാറ്റി. ഇവിടെ നിന്നും നാട്ടിലേക്ക് വിളിക്കാന്‍ അനുവദിച്ചിരുന്നില്ല. ഉബൈസയെക്കുറിച്ച് യാതൊരു വിവരവുമില്ലാതായതോടെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് മുനീര്‍ സമൂഹ മാധ്യമങ്ങളില്‍ അറിയിപ്പ് നല്‍കി. ഇതോടെ ദുബായിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് യാത്രാരേഖകള്‍ പരിശോധിച്ച് ഉബൈസയെ കൊണ്ടുവന്ന ഏജന്‍സിയെ ബന്ധപ്പെട്ട് അവരെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഏജന്‍സിക്കാര്‍ അവരെ യുഎഇയിലേക്ക് അയച്ചു. എന്നാല്‍ ദുബായിലെ ഒരു ഫ്‌ളാറ്റില്‍ ഇവരെ പൂട്ടിയിടുകയാണ് ചെയ്തത്. അനാശാസ്യത്തിന് വഴങ്ങാതിരുന്ന വേറെയും യുവതികള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലുണ്ടായതോടെ പ്രശ്‌നം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ ഏജന്‍സിക്കാര്‍ ഇവരെ ഷാര്‍ജ വിമാനത്താവളത്തില്‍ വിട്ട ശേഷം കടന്നുകളഞ്ഞു. തുടര്‍ന്ന് ഉബൈസയെ ശനിയാഴ്ച രാവിലെ നാട്ടിലേക്ക് അയച്ചു. ഇക്കാലയളവില്‍ ഇവര്‍ക്ക് മേല്‍നോട്ടക്കാരിയില്‍ നിന്ന് കടുത്ത മര്‍ദ്ദനമാണുണ്ടായത്. കൂടാതെ ജോലിയെടുത്തതിന്റെ ശമ്പളം ലഭിച്ചതുമില്ല.
യുഎഇയില്‍ കാണാതായ മലയാളി വീട്ടമ്മയെ കണ്ടെത്തി; ചതിയില്‍പ്പെട്ട് അനുഭവിച്ച ഉപദ്രവങ്ങള്‍…
Tags: missing housewife