ആലുവ: ആലുവയില്‍ തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപം മാലിന്യക്കൂമ്പാരത്തിനിടയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാണാതായ കുട്ടിയെ തട്ടിക്കൊണ്ടുപോയ ആസം സ്വദേശി അസ്ഫാഖ് ആലമിനെ പോലീസ് പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതേദേഹം കണ്ടെത്തിയത്. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്.
വിവരമറിഞ്ഞ് ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധനക്ക് എത്തി. കുട്ടിയുടെ അച്ഛനെ മൃതദേഹം കുട്ടിയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാനായി സ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹം കിടക്കുന്ന ഭാഗത്തേക്ക് കൊണ്ടുപോകാതെ മാറ്റിനിർത്തിയിരിക്കുകയാണ്.
ഇന്നലെ വൈകിട്ടാണ് ആലുവയിൽ നിന്ന് ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ കാണാതായത്. സംഭവത്തിൽ പ്രതിയെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് കുട്ടിയെ കുറിച്ചുള്ള വിവരം കിട്ടാൻ പൊലീസ് മണിക്കൂറുകളോളം കാത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ പൊലീസ് ഇന്നലെ രാത്രി മുതൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. കേസിൽ പൊലീസ് പിടിയിലായ അസ്ഫാക് ആലം അസം സ്വദേശിയാണ്. ഇയാൾ സക്കീറെന്ന വ്യക്തിക്ക് കുട്ടിയെ കൈമാറിയതായി പൊലീസിനോട് പറഞ്ഞിരുന്നു. സക്കീറിനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് മാർക്കറ്റിൽ മൃതദേഹം കിടക്കുന്നതായി വിവരം കിട്ടിയത്.
ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ – നീത ദമ്പതികളുടെ മകളായിരുന്നു ചാന്ദ്നി. ഇന്നലെ ഇവർ താമസിക്കുന്ന കെട്ടിടത്തിൽ മുകളിലത്തെ നിലയിൽ താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയിൽ പോയി ജ്യൂസ് വാങ്ങി നൽകി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു. ആരാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.