തിരുവനന്തപുരം: ഫാത്തിമനിമിഷയുടെ അമ്മ ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കി. പരാതിയില്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. മകളെ അന്വേഷിച്ച് കണ്ടെത്തുമെന്ന് മുഖ്യമന്ത്രി ഉറുപ്പുനല്‍കി. എല്ലാകാര്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കാസര്‍കോഡ് നിന്ന് യുവാക്കളെ കാണാതായിയെന്ന് വാര്‍ത്ത വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ബിന്ദു മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പാലക്കാട് നിന്ന് ഇസയെന്ന യുവാവിനെ വിവാഹം ചെയ്ത ഫാത്തിമ തന്‍റെ മകളാണെന്ന് ബിന്ദു പറയുന്നു.
വിവാഹിതയായ മകളെ കാണാനില്ലെന്ന് പറഞ്ഞ് ബിന്ദു കോടതിയില്‍ ഹെബിയസ്കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. കോടതിയില്‍ ഹാജരായ മകളെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചു പിന്നീട് ഫോണില്‍ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നെന്നും ബിന്ദു പറയുന്നു. പിന്നീട് ശ്രീലങ്കയില്‍ ബിസിനസ് ആവശ്യത്തിനായി ഭര്‍ത്താവുമായി പോകുന്നെന്ന് മകള്‍ പറഞ്ഞു. പീന്നീട് ഇവരെകുറിച്ച് യാതൊരു വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പാലക്കാടെത്തി അന്വേഷണം നടത്തി
ഇസയെയും ഫാത്തിമയെയെും കാണാതെന്ന് അവര്‍ അറിയിച്ചു. ഇസയുടെ സഹോദരന്‍ യെഹിയയും ഭാര്യ മറിയവും അപ്രത്യക്ഷരാണ്. മെയ് 16,18 തീയതികളിലാണ് ഇവര്‍ വീട് വിട്ടത്. ജൂലൈ നാലു വരെ ഇവരും വീട്ടുകാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശങ്ങളിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇസയുടെയും യഹിയുടെയും പിതാവ് വിന്‍സെന്‍റും ഭാര്യയും പറയുന്നു. തങ്ങള്‍ ഇവിടെത്തന്നെയുണ്ടെന്നായിരുന്നു വാട്‌സാപ് സന്ദേശം.
അതേസമയം മണക്കാട് ആറ്റുകാല്‍ സ്വദേശിനി നിമിഷയെ മതം മാറ്റിയത് ആസൂത്രിത നീക്കത്തിലൂടെയാണെന്ന് അമ്മ ബിന്ദു. കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. ഇവിടെ നിന്നാണ് കുട്ടിയെ കാണാതായത്.
ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നു മതം മാറിയ പാലക്കാട് കിണാശ്ശേരി കടത്തുരുത്തി കലവറ പറമ്പില്‍ ബെക്‌സണ്‍ എന്ന ഇസയായിരുന്നു നിമിഷയെ വിവാഹം കഴിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചത് ദന്തല്‍ കോളേജിനു സമീപത്തുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ റാഷീദൂം ഐഷയും ചേര്‍ന്നായിരുന്നു.
ദന്തല്‍ കോളേജിലും ഇന്റര്‍നാഷണല്‍ സ്‌കൂളിലും മതം മാറ്റത്തിന് വേണ്ടി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിന്നീട് അറിഞ്ഞതായി ബിന്ദു പറഞ്ഞു. ഇത് കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശകാരിച്ച് തിരികെ പറഞ്ഞയയ്ക്കുകയായിരുന്നു.
കഴിഞ്ഞ നവംബറില്‍ നിമിഷയെ മതം മാറ്റി വിവാഹം കഴിച്ചതായാണ് വിവരം. കിള്ളിപ്പാലം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം കഴിക്കുന്നതിനായുള്ള മാര്യേജ് നോട്ടീസ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വിവരം നിമിഷയുടെ അമ്മ അറിഞ്ഞു.
തുടര്‍ന്ന് വിവാഹത്തിന് വീട്ടുകാര്‍ക്ക് സമ്മതമില്ല എന്ന വിവരം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ അറിയിച്ചു. അതോടൊപ്പം കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതനുസരിച്ച് പോലീസ് നിമിഷയെയും ഇസയെയും കോടതിയില്‍ ഹാജരാക്കി. ഇരുവരുടെയും സമ്മതപ്രകാരം ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുവദിച്ചു. തുടര്‍ന്ന് പാലക്കാടുള്ള ഇവരുടെ കുടംബവീട്ടിനു സമീപത്ത് കണ്ണാടി എന്ന സ്ഥലത്ത് വാടക വീട്ടില്‍ ഇവര്‍ താമസമായി.
അമ്മ മകളെ തിരക്കി ചെല്ലുന്നത് ഇസയ്ക്ക് ഇഷ്ടമില്ലായിരുന്നു.
വീട്ടില്‍ ഫോണ്‍ ചെയ്യുന്നതും വിലക്കി. കൂടുതല്‍ അന്വേഷണത്തില്‍ ഇസയുടെ സഹോദരന്‍ എറണാകുളത്തുള്ള ഒരു ക്രിസ്ത്യാനി കുട്ടിയെ വിവാഹം കഴിച്ചശേഷം ഇരുവരും മുസ്ലീം മത വിഭാഗത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായും തീവ്ര മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണെന്ന് അറിയുകയും ചെയ്തു. ഇതോടെ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയതോടൊപ്പം അന്നത്തെ ഡിജിപി സെന്‍കുമാറിനും പരാതി നല്‍കി. പോലീസ് ഇരുവരെയും ഹൈക്കോടതിയില്‍ ഹാജരാക്കി.
വിവാഹിതയാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി. നിമിഷ പൂര്‍ണ്ണമായും പര്‍ദ ധരിച്ചായിരുന്നു കോടതിയില്‍ വന്നത്. മാതാപിതാക്കളോട് സംസാരിക്കാന്‍ കോടതിയോ പോലീസോ അനുമതി നല്‍കിയില്ല. കോടതിക്ക് പുറത്ത് വന്ന ഇസ മകളെ കല്യാണം കഴിപ്പിച്ച് അയച്ചാല്‍ അമ്മ ഇങ്ങനെ പുറകെ നടക്കുമോ എന്ന് ശാസിക്കുകയായിരുന്നു.
ഇതിനിടയില്‍ യുവാവ് സ്വന്തം പേരിലുള്ള ഒന്നരക്കോടി രൂപയുടെ സ്വത്ത് രണ്ടാനമ്മയുടെ പേരിലേക്ക് മാറ്റിയ വിവരവും പോലീസില്‍ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ല.
ഫെബ്രുവരിയിലും മെയ് 18നും നിമിഷ ആറ്റുകാലിലെ വീട്ടില്‍ വന്നിരുന്നു. ജൂണ്‍ വരെ പെണ്‍കുട്ടിയുമായി അമ്മ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ശേഷം പെണ്‍കുട്ടിയുമായി ബന്ധപ്പെടാനായിട്ടില്ല. ഒടുവില്‍ സംസാരിച്ചപ്പോള്‍ വ്യാപാര ആവശ്യങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് പോകുകയാണെന്ന മറുപടിയാണ് നിമിഷ നല്‍കിയത്. ശ്രീലങ്കയിലേക്ക് പോകുന്നത് തടഞ്ഞെങ്കിലും ഇസ നിമിഷയെയും കൊണ്ട് പോവുകയായിരുന്നു. ഒടുവില്‍ ലഭിച്ച വോയിസ് സന്ദേശത്തില്‍ ഇന്ത്യന്‍ നമ്പരുകളൊന്നും ലഭിക്കാത്ത സ്ഥലത്താണ് തങ്ങളെന്ന് മകള്‍ പറഞ്ഞു.
ജൂണ്‍ 6ന് എഡിജിപി സന്ധ്യയെ നേരില്‍ക്കണ്ട് ഈ വിവരം പറഞ്ഞെങ്കിലും റംസാന്‍ വ്രതം നടക്കുന്നതിനാല്‍ കാത്തിരിക്കാന്‍ പറഞ്ഞ് മടക്കി അയയ്ക്കുകായായിരുന്നു. മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നപ്പോഴാണ് തന്റെ മകളെ കെണിയില്‍പ്പെടുത്തിയ വിവരം അറിഞ്ഞത്. പൂര്‍ണ്ണ ഗര്‍ഭിണിയായ മകളുടെ ജീവന്‍ അപകടത്തിലാണ്. ഇസയുമായുള്ള ബന്ധത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചപ്പോഴെല്ലാം ഭീഷണി നേരിട്ടിരുന്നു. ഇതെല്ലാം കാണിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും ആസൂത്രിത നീക്കത്തിലൂടെ തന്റെ മകളെ കെണിയില്‍പ്പെടുത്തുകയായിരുന്നു എന്നും ബിന്ദു പറഞ്ഞു.