കൊല്ലം:ആശങ്കയുടെ മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസ വാര്‍ത്തയെത്തി. കൊല്ലം ആലപ്പാട് നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തിയിരിക്കയാണ് . തൃശൂരിൽ നിന്നാണ് ഐശ്വര്യ അനിലിനെ കണ്ടെത്തിയത്. തൃശ്ശൂർ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയതെന്ന് കുടംബം പറയുന്നു. ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടി മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെത്തിയത്. ജീവന്‍ തിരിച്ച് കിട്ടിയത് പോലെയെന്ന് ഐശ്വര്യയുടെ അമ്മ പ്രതികരിച്ചു.
ആലപ്പാട് കുഴിത്തുറ സ്വദേശിയാണ് ഐശ്വര്യ അനിൽ. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി രാവിലെ മുതലാണ് ഐശ്വര്യ അനിലിനെ കാണാതായത്. അന്നേ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. രാവിലെ യുവതി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോകുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ ഓൺലൈൻ പഠനം നടത്തുന്നയാളായിരുന്നു ഐശ്വര്യ. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി തലേദിവസം മകളെ വഴക്ക് പറഞ്ഞിരുന്നതായി അമ്മ ഷീജ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.