ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന് വേരോട്ടമുണ്ടാക്കുന്ന രീതിയില്‍ വനിതാ ലോകകപ്പില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന് സമ്മാനങ്ങള്‍ നിലയ്ക്കുന്നില്ല. ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി ചാമുണ്ഡേശ്വരിനാഥ് മിതാലിക്ക് സമ്മാനിച്ചത് ബിഎംഡബ്ലു കാര്‍ ആണ്.
ബാഡ്ബിന്റണ്‍ അക്കാദമിയില്‍വെച്ച് പുല്ലേല ഗോപീചന്ദ് ആണ് കാര്‍ മിതാലിക്ക് കൈമാറിയത്. ലോകകപ്പില്‍ ഉയര്‍ന്ന റണ്‍നേട്ടം കൈവരിച്ചാല്‍ കാര്‍ സമ്മാനിക്കുമെന്ന വാഗ്ദാനം ചെയ്തിരുന്നു. അതാണ് നടപ്പാക്കിയതെന്ന് ചാമുണ്ഡേശ്വരി പറഞ്ഞു. ലോകകപ്പിനിടെ മിതാലി 6,000 റണ്‍സ് കടന്ന് ലോകത്തെ ഏറ്റവും റണ്‍സ് നേടുന്ന വനിതാ താരമായി മാറിയിരുന്നു.
ഇതാദ്യമായല്ല ചാമുണ്ഡേശ്വരി മിതാലി രാജിന് ആഡംബര കാര്‍ സമ്മാനിക്കുന്നത്. 2005ലെ ലോകകപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2007ല്‍ മിതാലിക്ക് കാര്‍ സമ്മാനിച്ചിരുന്നു.
ഇംഗ്ലണ്ടിനോട് അവസാന ഓവറുകളില്‍ അടിയറവ് പറഞ്ഞെങ്കിലും ലോകകപ്പ് ഫൈനല്‍വരെ എത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബിസിസിഐയും അവാര്‍ഡുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞദിവസം ഹൈദരാബാദിലെത്തിയ മിതാലിക്ക് ഹൈദരാബാദില്‍ വീടെടുക്കാന്‍ സ്ഥലവും ഒരു കോടി രൂപയും തെലങ്കാന സര്‍ക്കാര്‍ സമ്മാനിച്ചിരുന്നു.