പ്രമുഖ അഭിഭാഷകന്‍ എം.കെ ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ ദാമോദരന്‍(70)അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു.പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ഇദ്ദേഹത്തെ നിയമിക്കുമെന്ന് പ്രചാരണം നടന്നിരുന്നു. ഇത് വിവാദമായി. പിന്നീട് ഉത്തരവ് താന്‍ കൈപ്പറ്റിയിട്ടില്ലെന്നും ഈ പദവി ഏറ്റെടുക്കില്ലെന്നും വ്യക്തമാക്കി ദാമോദരന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഒട്ടേറെ വിവാദമായ രാഷ്ട്രീയ കേസുകളില്‍ ദാമോദരന്‍ ഹാജരായിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് ആശുപത്രിയില്‍നിന്ന്  മൃതദേഹം കച്ചേരിപ്പടി ചിറ്റൂര്‍ റോഡിലെ വീട്ടിലേക്കു കൊണ്ടുവന്നു. നിയമ, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 10 വരെ എറണാകുളം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് തലശേരിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് നാലരയ്ക്ക് തലശ്ശേരി ടൌണഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.ഇടത്തരം കര്‍ഷകകുടുംബമായ കോടിയേരിയില്‍ മുതലാറത്ത്കുറുങ്ങോടന്‍ എം മാധവിയമ്മയുടെയും കെ സി ശങ്കരന്‍നായരുടെയും അഞ്ചാമത്തെ മകനായി 1937 ഡിസംബര്‍ ഒമ്പതിനാണ് ജനനം. 1963ല്‍ എറണാകുളം ഗവ. ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. തലശേരി കോടതിയില്‍ 1964 മുതല്‍ 1977 വരെ പ്രാക്ടീസ്ചെയ്ത ദാമോദരന്‍ ക്രിമിനല്‍നിയമത്തില്‍ പ്രാവീണ്യം നേടി.

അടിയന്തരാവസ്ഥക്കാലത്ത് സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യനടപടികളെ വിമര്‍ശിച്ച് പ്രസംഗിച്ചതിന് ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ചു. 1979ല്‍ പ്രവര്‍ത്തനമേഖല കൊച്ചിയിലേക്കു മാറ്റി. 1980ല്‍ സ്വന്തം നിലയില്‍ പ്രാക്ടീസ് ആരംഭിച്ചു. എം കെ ദാമോദരന്റെ ജൂനിയറായി പ്രാക്ടീസ്ചെയ്തവരില്‍ മൂന്നു പേര്‍ ഹൈക്കോടതി ജഡ്ജിമാരായി. നിരവധി പേര്‍ പില്‍ക്കാലത്ത് ഹൈക്കോടതിയില്‍ മികച്ച അഭിഭാഷകരായി പേരെടുത്തു. 1996ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറലായി. തലശ്ശേരി മുനിസിപ്പല്‍ കൌണ്‍സില്‍ അംഗം, കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.തൊഴിലാളി സംഘടനകള്‍ക്കുവേണ്ടി നൂറു കണക്കിന് കേസുകളില്‍ വക്കാലത്തെടുത്ത ദാമോദരന്‍, കേരളം ശ്രദ്ധിച്ച പാനൂര്‍ സോമന്‍ കേസ്, ഐസ്ക്രീം കേസ്, ലോട്ടറി കേസ്, സൂര്യനെല്ലി കേസ്, ലാവ്ലിന്‍ കേസ്, കെ എം മാണി ഉള്‍പ്പെട്ട കോഴിക്കോഴ, ആര്‍ ചന്ദ്രശേഖരന്റെ കശുവണ്ടി അഴിമതിക്കേസ് എന്നിവയിലും ഹാജരായി.
നഷ്ടമായത് ജനകീയ അഭിഭാഷകനെ: മുഖ്യമന്ത്രി
എക്കാലവും ജനപക്ഷത്തുനിന്ന് സാമൂഹ്യബോധത്തോടെ നിയമം കൈകാര്യംചെയ്ത പ്രഗത്ഭനായ അഭിഭാഷകനായിരുന്നു എം കെ ദാമോദരനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. നിസ്വജനവിഭാഗത്തിന് നീതി നേടിക്കൊടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക നിഷ്കര്‍ഷയുണ്ടായിരുന്നു.വിദ്യാര്‍ഥി ഫെഡറേഷനിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം അഭിഭാഷകജീവിതത്തിലുടനീളം ഇടതുപക്ഷ രാഷ്ട്രീയരംഗത്ത് ഉറച്ചുനിന്നു. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ കാലയളവില്‍ അഡ്വക്കറ്റ് ജനറലായി നല്‍കിയ സേവനം എന്നും സ്മരിക്കപ്പെടും.കേരളത്തിന്റെ നീതിന്യായമേഖലയ്ക്ക് വലിയ നഷ്ടമാണ് ഈ വേര്‍പാട്. കോടതിക്കു പുറത്തും അദ്ദേഹം സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. പൊതുപ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടു. സഹകരണമേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അസാധാരണ വൈദഗ്ധ്യമുണ്ടായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുളള നിയമപോരാളിയെയാണ് കേരളത്തിന് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടതുപക്ഷ പ്രസ്ഥാനത്തിന് കനത്ത നഷ്ടം: കോടിയേരി
തിരുവനന്തപുരം > പ്രമുഖ അഭിഭാഷകനും മുന്‍ അഡ്വ. ജനറലുമായ എം കെ ദാമോദരന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു. എം കെയുടെ വിയോഗം കമ്യൂണിസ്റ്റ് പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണ്. ജീവിതത്തിലുടനീളം കമ്യൂണിസ്റ്റ് സഹയാത്രികനായി നിലകൊണ്ട എം കെ ദാമോദരന്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അഭിഭാഷകനായി തുടരുമ്പോഴും ഇടതുപക്ഷവുമായി ആത്മബന്ധം പുലര്‍ത്തി.ക്രിമിനല്‍കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗാധമായ പാണ്ഡിത്യവും മികവും രേഖപ്പെടുത്തിയ എം കെയുടെ വിയോഗം നിയമലോകത്തും നഷ്ടമാണ്.  കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതോടൊപ്പം അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും കോടിയേരി പറഞ്ഞു.

ഭാര്യ: ശാന്തി. മകള്‍: തനുശ്രീ. മരുമകന്‍: അഡ്വ. ഗില്‍ബര്‍ട്ട് കൊറയ (ബാബു). സഹോദരങ്ങള്‍: എം മീനാക്ഷിയമ്മ, എം കാര്‍ത്യായനി, പരേതരായ പ്രൊഫ. എം കെ ഗോപാലന്‍ നായര്‍, എം കെ അച്യുതന്‍ നായര്‍ (റിട്ട. ഹൈസ്കൂള്‍ പ്രിന്‍സിപ്പല്‍), എം ഓമന (അധ്യാപിക).മൃതദേഹം വ്യാഴാഴ്ച വൈകിട്ട് ആറിന് ഔദ്യോഗിക ബഹുമതികളോടെ തലശേരി കോടിയേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

 

Top