എം.കെ.നാരായണനെ ചെരിപ്പെറിഞ്ഞ തമിഴ് ദേശീയ സംഘടനാ പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു

ചെന്നൈ: മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണനെ ചെരിപ്പുകൊണ്ടാക്രമിച്ച തമിഴ് ദേശീയ സംഘടനാ പ്രവര്‍ത്തകന്‍ പ്രഭാകരനെ (35) കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോടതി ഉത്തരവിനെത്തുടര്‍ന്ന് ഇയാളെ ചെന്നൈയ്ക്കടുത്തുള്ള പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. പുതുേകാട്ടൈയ്ക്കടുത്ത് അരന്താങ്ങി സ്വദേശിയാണ് പ്രഭാകരന്‍. ശ്രീലങ്കയിലെ തേയിലത്തോട്ടത്തില്‍ തൊഴിലാളികളായിരുന്ന പ്രഭാകരന്റെ മാതാപിതാക്കള്‍ 1973-ല്‍ തമിഴ്നാട്ടിലെത്തിയതായാണ് വിവരമെന്ന് പോലീസ് പറഞ്ഞു. തമിഴ് തീവ്രവാദ സംഘടനയായ മെയ് 17 ഇയക്കവുമായി പ്രഭാകരന് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ബുധനാഴ്ച ചെന്നൈയില്‍ ഹിന്ദു ദിനപ്പത്രം ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിച്ചശേഷം നാരായണന്‍ വേദിയില്‍ നിന്ന് താഴേക്കിറങ്ങുമ്പോഴാണ് പ്രഭാകരന്‍ ചെരിപ്പെടുത്ത് എറിഞ്ഞത്. ചെരിപ്പ് നാരായണന്റെ കഴുത്തിനുപിന്നില്‍ തട്ടിയശേഷം തൊട്ടടുത്തുണ്ടായിരുന്ന ഹിന്ദു മുന്‍ എഡിറ്റര്‍ ഇന്‍ ചിഫ് എന്‍. റാമിന്റെ കൈയിലേക്ക് വീഴുകയായിരുന്നു. ഹാളിലുണ്ടായിരുന്ന പോലീസുകാര്‍ ഉടനെ ത്തന്നെ പ്രഭാകരനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. ശ്രീലങ്കയിലെ തമിഴ് വംശജരുടെ കൂട്ടക്കൊലയ്ക്ക് മുഖ്യ കാരണക്കാരില്‍ ഒരാളാണ് നാരായണനെന്നതിനാലാണ് ആക്രമിച്ചതെന്നാണ് പ്രഭാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്‍ പറഞ്ഞു. ”അതിനെക്കുറിച്ച് കാര്യമായൊന്നും പറയാനില്ല. ഇതൊക്കെ പലപ്പോഴും സംഭവിക്കുന്നതാണ്.” സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു നാരായണന്റെ മറുപടി.
Top