ചെന്നൈ: ഡിഎംകെ ആക്ടിംഗ് പ്രസിഡന്റായി എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. രോഗബാധിതനായ കരുണാനിധിക്ക് കൂടുതല്‍ വിശ്രമം വേണമെന്നതിനാലാണ് സ്റ്റാലിന്റെ നിയമനം.
നേരത്തെ, കരുണാനിധി യോഗത്തില്‍ അധ്യക്ഷത വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. കരുണാനിധിയുടേയും ജനറല്‍ സെക്രട്ടറി അന്‍പഴകന്റെയും ആരോഗ്യനില മോശമായ സാഹചര്യത്തിലാണ് എം.കെ സ്റ്റാലിനെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത്. ഇത് ആദ്യമായാണ് ഡിഎംകെയില്‍ ആക്ടിംഗ് പ്രസിഡന്റുണ്ടാകുന്നത്. മുമ്പ് പാര്‍ട്ടി ട്രഷററായിരുന്നു സ്റ്റാലിന്‍.
കഴിഞ്ഞമാസം 20നു നടത്താന്‍ നിശ്ചയിച്ചിരുന്ന ജനറല്‍ കൗണ്‍സില്‍ യോഗം കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നു മാറ്റിവച്ചതാണ്. കലൈഞ്ജറെ പ്രസിഡന്റായി നിലനിര്‍ത്തികൊണ്ടു തന്നെയാണു സ്റ്റാലിന്‍ ഉന്നത പദവിയിലേക്ക് എത്തുന്നത്.