
സ്വന്തം ലേഖകൻ
കൊല്ലം: എംഎൽഎയെ കാണാനില്ലെന്ന് കാട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി. കൊല്ലം എംഎൽഎ മുകേഷിനെ കാണാനില്ലെന്ന് കാണിച്ചാണ് യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി വെസ്റ്റ് എസ്ഐക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എംഎൽഎയുടെ തലവെട്ടം പോലും മണ്ഡലത്തിൽ കാണാനില്ലാത്തതിനാലാണ് ഇത്തരമൊരു പരാതി നൽകിയതെന്ന് അസംബ്ലി പ്രസിഡന്റ് അഡ്വ വിഷ്ണു സുനിൽ പന്തളം മാധ്യമങ്ങളോട് പറഞ്ഞു.
എംഎൽഎയെ കാണണമെന്ന പൊതുജനങ്ങളുടെ ആവശ്യം നിരന്തരമായപ്പോഴാണ് ഇത്തരമൊരു പരാതിയുമായി മുന്നിട്ടിറങ്ങിയത്. കൊല്ലത്തിന്റെ തീരദേശ മേഖലയിൽ പ്രകൃതിക്ഷോഭങ്ങൾ മൂലം വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും മുകേഷിനെ കാണാനോ പരാതി പറയാനോ പൊതുജനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും വിഷ്ണു പറഞ്ഞു.
കൊല്ലത്ത് കളക്ട്രേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുളളവർ അവിടെ സന്ദർശനം നടത്തിയെങ്കിലും സ്ഥലം എംഎൽഎയെ അവിടെയെങ്ങും കണ്ടില്ല. കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎൽഎ മുകേഷിനെ കണ്ടില്ലെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.