
തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച സംഭവത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ചൂടേറിയ ചര്‍ച്ച. കയ്യേറ്റത്തിന് കുരിശ് മറയാക്കുന്നത് നല്ലതല്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ യോഗത്തില്‍ പറഞ്ഞു. കുരിശ് പൊളിച്ച സംഭവത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും, കയ്യേറ്റത്തിന് കുരിശ് മറയാക്കുന്നത് നല്ലതല്ലെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. കുരിശ് പൊളിച്ചത് അധാര്‍മ്മികമാണെന്ന യുഡിഎഫ് നിലപാടിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. വിഡി സതീശന്‍, പിസി വിഷ്ണുനാഥ്, എം ലിജു തുടങ്ങിയവരാണ് പിപി തങ്കച്ചന്റെ നിലപാടിനെ വിമര്‍ശിച്ചത്.കയ്യേറ്റത്തിനായി സ്ഥാപിച്ച കുരിശിനെ അംഗീകരിക്കേണ്ടതില്ലെന്നായിരുന്നു മൂവരുടെയം അഭിപ്രായം. നേരത്തെ, യുഡിഎഫ് യോഗത്തിന് ശേഷം കുരിശ് പൊളിച്ചത് അധാര്‍മ്മികമാണെന്നും, വിശ്വാസികളുടെ മനസില്‍ വേദനയുണ്ടാക്കിയെന്നുമാണ് യുഡിഎഫ് കണ്‍വീനറായ പിപി തങ്കച്ചന്‍ പറഞ്ഞിരുന്നത്.