തൊടുപുഴ : മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം. മണിക്കെതിരെ തൊടുപുഴ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതു സംബന്ധിച്ച് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.
2012 മേയ് 25 നായിരുന്നു എം.എം. മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണി പറഞ്ഞത്. ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണു മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഇതേത്തുടര്‍ന്നു മണക്കാട് പ്രസംഗത്തിന്റെ പേരില്‍ മണിയെ ഒന്നാം പ്രതിയാക്കി തൊടുപുഴ പൊലീസ് കേസ് റജസ്റ്റര്‍ ചെയ്തു.
പ്രകോപനപരമായും ഭീതി പരത്തുന്നതും ലഹളയ്‌ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രസംഗം നടത്തിയതിന്റെ പേരിലും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയെന്ന ഉദേശ്യത്തോടെ പൊലീസ് ഉദ്യോഗസ്‌ഥനെ ഭീഷണിപ്പെടുത്തിയെന്നുമുള്ള വകുപ്പുകളും മണിക്കെതിരെ ചുമത്തി. മണിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണു കോടതിയുടെ നിരീക്ഷണം.
മണക്കാട്ടെ പ്രസംഗത്തെ തുടര്‍ന്നു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നീ വധക്കേസുകളില്‍ മണിയെ പ്രതിയാക്കി കേസെടുത്തിരുന്നു. ഇതില്‍ ബേബി അഞ്ചേരി വധക്കേസില്‍ മാത്രമാണു തൊടുപുഴ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.