തൊടുപുഴ: മണിയുടെ മുഴക്കം ഒഴിയുന്നില്ല. എല്ലാപേരെയും നിരത്തി തെറിവിളിച്ചാണ് താന്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണെന്ന് മണി തെളിയിക്കുന്നത്. ദേവികുളം സബ് കലക്ടര്‍ വി. ശ്രീറാം വെറും ചെറ്റയാണെന്നും കലക്ടര്‍ ജി.ആര്‍. ഗോകുല്‍ കഴിവുകെട്ടവനാണെന്നും മണി പറഞ്ഞു. കൂടാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും യുഡിഎഫ് നേതാക്കളെയും ഊളമ്പാറയ്ക്കു വിടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.
രണ്ട് ദിവസമായി എല്‍ഡിഎഫ് മന്ത്രിയുടെ തെറിവിളി കേരളമാകെ മുഴങ്ങുകയാണ്. കയ്യേറ്റത്തിനെതിരെ നടപടി എടുത്തതിന് ശേഷം അടങ്ങിയിരിക്കാന്‍ കഴിയാത്ത എംഎം മണിയാണ് വാര്‍ത്തകളില്‍ നിറയെ. ഇതിനിടയില്‍ മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവന്‍ സുരേഷ് കുമാറിനെതിരെയും വ്യക്തിപരമായ ആക്ഷേപവുമായി മന്ത്രി എം എം മണി രഗത്തെത്തി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ മുന്‍ ദൗത്യസംഘ തലവന്‍ കെ സുരേഷ് കുമാറിനെതിരെ അധിക്ഷേപം ചൊരിഞ്ഞത്.
‘പണ്ട് സുരേഷ് കുമാര്‍ ഇവിടെ വന്ന് താമസിച്ച് കള്ളുകുടിയായിരുന്നു. കഞ്ചാവ് വലിയും. അന്ന് നിങ്ങളൊക്കെ അതിന്റെ കൂടെയായിരുന്നു. മനസ്സിലായില്ലേ. കേസ് കണക്കിനാ ബ്രാണ്ടി വെച്ച് കുടിയായിരുന്നു. കഞ്ചാവുമുണ്ടായിരുന്നു. രാവിലെ കാണുമ്പോഴും നാറിയിട്ട് ആ മനുഷ്യന്റെ അടുത്ത് നില്‍ക്കാന്‍ പറ്റുകേലായിരുന്നു. ഐഎഎസുകാരനാ. എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ. ഇടയ്ക്ക് പുള്ളീം വന്നു സഹായിക്കാന്‍’. എന്നായിരുന്നു മണിയുടെ ആക്ഷേപം.
ഇവരെക്കൂടാതെ മൂന്നാറിലെ ഐതിഹാസിക തൊഴിലാളി സമരം നയിച്ച പെമ്പിള്ളൈ ഒരുമൈ സംഘത്തെയും മണി തെറിയഭിഷേകം നടത്തി. അശ്ലീലച്ചുവയുള്ള പരാമര്‍ശമാണു മന്ത്രി നടത്തിയത്. പെമ്പിളൈ ഒരുമയുടെ സമരകാലത്തു സമീപത്തെ കാട്ടില്‍ നടന്നതൊന്നും പറയുന്നില്ലെന്നാണു മന്ത്രി പറഞ്ഞത്. ഇതേ പ്രസംഗത്തില്‍ത്തന്നെയാണ് സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയും മന്ത്രി അധിക്ഷേപിച്ചത്.
പെമ്പിള്ളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അശ്ലീല പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എം.എം. മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പഴയ മൂന്നാര്‍ റോഡ് അവര്‍ ഉപരോധിക്കുകയാണ്. മണി കാലില്‍ വീണു മാപ്പു പറയണമെന്ന് പെമ്പിളൈ ഒരുമ നേതാവ് ഗോമതി ആവശ്യപ്പെട്ടു. മണി മന്ത്രിയായതു സ്ത്രീകളുടെ വോട്ടുകൊണ്ടാണ്. മണി രാജിവയ്ക്കണമെന്നും ഗോമതി ആവശ്യപ്പെട്ടു.