സ്വന്തം ലേഖകൻ
തൊടുപുഴ: പിന്നാലെ നടന്ന് കുടുക്കി, വാക്കുകൾ അടർത്തിയെടുത്തു സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള മാധ്യഗൂഡാലോചനയിൽ മന്ത്രി എം.എം മണി കുടുങ്ങിയതോ. ഇ.പി ജയരാജനും, എ.കെ ശശീന്ദ്രനും പിന്നാലെ അടുത്തതായി മന്ത്രി എം.എം മണിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് മാധ്യമങ്ങളിൽ നടക്കുന്നതെന്നു സൂചനയാണ് ലഭിക്കുന്നത്. പിണറായി സർക്കാരിനെ അഞ്ചു വർഷം തികയ്ക്കും മുൻപു താഴെയിറക്കാനാണ് ഇടതു മുന്നണിയ്ക്കുള്ളിൽ നിന്നു തന്നെ പടയൊരുക്കം ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന.
വൺ, ടു,ത്രീ പ്രസംഗം മുതൽതന്നെ മന്ത്രി എം.എം മണിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു മാധ്യമങ്ങൾ. അന്ന് പറഞ്ഞത് ഒന്ന് പ്രചരിപ്പിച്ചത് മറ്റൊന്നുമായിരുന്നു. ഇതിന്റെ പിന്നിൽ ഉന്നത തല ഗൂഡാലോചന തന്നെയുണ്ടെന്ന സൂചനയാണ് പുറത്തു വരുന്നത്.
വിഎസിന്റെ വിവാദ പൂച്ചകൾ മൂന്നാർ ഒഴിപ്പിക്കലിനു എത്തിയപ്പോൾ മുതലുള്ള കാര്യങ്ങളാണ് എംഎം മണി കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ തുറന്നു പറഞ്ഞത്. മൂന്നാറിലെ പത്രക്കാർ സുരേഷ്‌കുമാറിനൊപ്പവും, ഇപ്പോഴത്തെ സബ് കലക്ടർ ശ്രീറാമിനൊപ്പവും മദ്യപിക്കാറുണ്ടെന്നു നാട്ടുഭാഷയിൽ എംഎം മണി പറഞ്ഞതാണ് മാധ്യമങ്ങൾ വിവാദകൃഷിയ്ക്കു വളമാക്കിയിരിക്കുന്നത്.
പക്ഷേ സത്യത്തിൽ എന്താണ് എം എം മണി പറഞ്ഞത്. മൂന്നാറിൽ നടന്നത് മാധ്യമ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സൈബർ ലോകത്ത് പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. മാധ്യമപ്രവർത്തകരുടെ ചെയ്തിയെ കുറിച്ച് പറഞ്ഞുവന്ന ഭാഗത്തിൽ നിന്ന് പൊമ്പള ഒരുമൈ സമരം പരാമർശിക്കുന്നത് മാത്രം എഡിറ്റ് ചെയ്ത് നൽകി വ്യക്തമായ പ്രക്ഷോഭം സൃഷ്ടിക്കുകയായിരുന്നു ചിലർ.
അവിടെ ഇവന്റെ കൂടെയാ..സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ട് സുരേഷ്‌കുമാര് വന്നിട്ട് കള്ളുകുടി. കെയിസ് കണക്കിനായിരുന്നു ബ്രാണ്ടി. എവിടെ പൂച്ച. പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ കുടിയും സകല പണിയുമുണ്ടായിരുന്നു. പൊമ്പിള ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും ന്ടന്നിട്ടുണ്ടവിടെ. മനസ്സിലായില്ലേ. ആ വനത്തിൽ അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു അന്ന്. എല്ലാരും കൂടെക്കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം. മനസ്സിലായില്ലേ. ഞാനത് ഇന്നലെ പറഞ്ഞു. അവിടെ ചാനലുകാരും കൂടി പൊറുതിയാണെന്ന്. പിന്നെ ആഹാ. പിന്നെ പുള്ളിക്ക് ഉപേക്ഷിക്കാൻ പറ്റുമോ,. ആഹാ, പിന്നെ പലതും കേൾക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല.
ഇതാണ് മണി പ്രസംഗത്തിൽ പറയുന്നത്. പക്ഷേ പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ മാത്രം കാര്യം എഡിറ്റ് ചെയ്ത് കാണിച്ചതിലൂടെ വലിയ സ്ത്രീ വിരുദ്ധത അദ്ദേഹത്തിന്റെ പുറത്ത് കെട്ടിവെക്കാനായി. ഇത് തന്നെയാണ് ഗൂഢാലോചന എന്ന വാദം മണി ആരോപിക്കുന്നതും.
തനിക്കെതിരായ വിവാദം മാധ്യമസൃഷ്ടിയാണെന്ന് സംശിക്കുന്നു. പ്രസംഗം എഡിറ്റ് ചെയ്ത് എന്ന് സംശയിക്കുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിൽ ദു:ഖമുണ്ട്. സ്ത്രീകളെ അപമാനിച്ചിട്ടില്ല. താനും ഒരു അമ്മ പെറ്റ മകനാണ്. തനിക്കും അഞ്ച് പെൺമക്കളുണ്ട്. ആരോ ഇളക്കി വിട്ടതാണ് പൊമ്പിള ഒരുമൈയുടെ സമരം. മുഖ്യമന്ത്രി ഇക്കാര്യം വിളിച്ച് ചോദിച്ചു. വിവാദത്തിൽ നിർവ്യാജം ഖേദിക്കുന്നു
എം എം മണി പുറത്തിറക്കിയ പ്രസ്താവനയാണ് മുകളിൽ. പ്രസംഗം എഡിറ്റ് ചെയ്ത് നൽകിയതാണ് എന്നുണ്ടായിട്ടും ഖേദം പ്രകടിപ്പിച്ച് വിവാദം അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.