
ഏതാണ്ട് ആലപ്പുഴ ജില്ലയുടെ വലിപ്പം വരുന്ന ഉടുമ്പഞ്ചോല താലൂക്കിലെ കുടിയേറ്റമേഖലയിലെ പ്രധാന കൃഷി ഏലമാണെന്നു പറയാം. രാജാക്കാടിനു സമീപമുള്ള മുക്കിടില്‍ മുതല്‍ ശാന്തന്‍പാറയ്ക്കടുത്ത് ചതുരങ്ങപ്പാറയ്ക്കുമപ്പുറം വരെ പരന്നുകിടക്കുന്ന മൂവായിരത്തിലധികം ഏക്കര്‍ വരുന്ന ഭൂപ്രദേശം മുഴുവനും തന്നെ വന്‍കിട തോട്ടം മുതലാളിമാരുടെ ഉടമസ്ഥതയിലാണ്. കാന്തിപ്പാറ എസ്റ്റേട്ട്, വെങ്കലപ്പാറ എസ്റ്റേറ്റ്, ആനച്ചാല്‍ എസ്റ്റേറ്റ്, നാലാം ബ്ലോക്ക്, എട്ടരയേക്കര്‍ എസ്റ്റേറ്റ്, തലൈങ്കാവ്, വട്ടപ്പാറ എന്നിങ്ങനെ പല എസ്റ്റേറ്റുകളായി തിരിച്ചിരിയ്ക്കുന്ന ഈ തോട്ടങ്ങളില്‍ 1970 കളില്‍ ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറോളം തോട്ടം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു.
തോട്ടം തൊഴില്‍ മേഖലയില്‍ നിന്ന ചൂഷണവും അതിനെതിരെ സംഘടിച്ച തൊഴിലാളി യൂണിയന്‍ നേരിടേണ്ട വന്ന പീഡനങ്ങളും, യൂണിയന്‍ നടത്തിയ ചെറുത്തുനില്‍പ്പും പുറംലോകം അറിയാത്ത ഹൈറേഞ്ചിന്റെ രചിക്കപ്പെടാത്ത ചരിത്രമാണ്.
40 കളില്‍ കേരളത്തില്‍ നടന്ന തൊഴിളാലിവര്‍ഗ്ഗമുന്നേറ്റം കാണുകയോ ഗുണഫലങ്ങള്‍ അനുഭവിക്കുകയോ ചെയ്യാത്ത കോതമംഗലം പാല, കാഞ്ഞിരപ്പിള്ളി പ്രദേശങ്ങളില്‍ നിന്നും കുടിയേറിയവരാണ് ഹൈറേഞ്ചിലെ ബഹുഭൂരിപക്ഷം താമസക്കാരും. ആദ്യവട്ട കുടിയേറ്റക്കാര്‍ എല്ലാം ചുരുങ്ങിയത് പത്തു പതിനഞ്ച് ഏക്കര്‍ ഭൂസ്വത്തിന്റെ എങ്കിലും ഉടമകളായിത്തീര്‍ന്നു. പിന്നീട് വന്നപലര്‍ക്കും ആദ്യം കുടിയേറിയവര്‍ തെളിച്ച കൃഷിഭൂമി വിലകൊടുത്തു വാങ്ങേണ്ടിവന്നു. സ്വാഭാവികമായും നിര്‍ധനരായ അവര്‍ കുറഞ്ഞ ഭൂമിയുടെ ഉടമകളും ഇടത്തരം കര്‍ഷകരുടെ കൂലിപ്പണിക്കാരുമായി മാറി.
കൂലിക്കാരന്‍ ജോലിക്കെത്തുന്നതിനുമുന്നേ ജോലിതുടങ്ങുന്ന കര്‍ഷകനും കൂലിക്കാരനും തമ്മില്‍ നല്ല ഒരു ആത്മബന്ധം അക്കാലത്ത് ഹൈറേഞ്ചില്‍ നിലനിന്നിരുന്നു. ഒരേതീക്കൊള്ളിയില്‍ നിന്നു ബീഡികത്തിച്ച് വലിച്ച് ഒരേകലത്തില്‍ നിന്നും കപ്പ പുഴുക്കും തിന്ന് രാത്രിയില്‍ ഒരുമിച്ച് കാട്ടുപന്നിയേ ഓടിക്കാന്‍ കൃഷിയ്ക്ക് കാവലിരുന്ന കൂലിപ്പണിക്കാരന്‍ പണിയെടുക്കുന്ന വീട്ടിലെ അംഗമായികഴിഞ്ഞുവന്നു. നിലനില്‍പ്പായിരുന്നു ഇരുകൂട്ടരുടേയും പ്രശ്‌നം.
എങ്കിലും വന്‍കിട തോട്ടങ്ങളിലെ സ്ഥിതി ഇതായിരുന്നില്ല. പൊന്നപ്പന്‍ പിള്ള ആയിരുന്നു വന്‍ തോട്ടമുടമകള്‍ക്കിടയിലെ ഏക മലയാളി. ബാക്കി ഏലത്തോട്ടത്തിന്റെ ഉടമകള്‍ ആദ്യകാലത്ത് തമിഴ്നാട്ടുകാരായിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് കെ ടി മൈക്കിളിന്റെ നേതൃത്വത്തിലെ ഐഎന്‍ടിയുസി മാത്രമായിരുന്നു എല്ലാ തോട്ടങ്ങളിലും ഉണ്ടായിരുന്ന ഏക തൊഴിലാളി യൂണിയന്‍. കെ ടി മൈക്കിളും കോണ്‍ഗ്രസ്സിന്റെ ഉടുമ്പഞ്ചോല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പൊന്നപ്പന്‍ പിള്ളയും മറ്റൊരു തൊഴിലാളി സംഘടനയും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധാലുക്കളായിരുന്നു. പേരിന് ഉണ്ടായിരുന്ന യൂണിയന്‍, തൊഴിലാളികള്‍ക്കുവേണ്ടിയുള്ളതായിരുന്നില്ല; അതിന്റെ ചുമതലക്കാരും തൊഴിലാളികളായിരുന്നില്ല.
ധയഹൗൃയ:2:ഹലളപേ സംസ്‌കാരശൂന്യരും കര്‍ക്കശക്കാരുമായ തമിഴ് കങ്കാണിമാരായിരുന്നു തൊഴിലാളികളെ മേയ്ച്ചിരുന്നത്. 25 പണിക്കാര്‍ക്ക് ഒരു കങ്കാണി എന്നതായിരുന്നു അനുപാതം. തോട്ടത്തില്‍ ആളെ വേണമെങ്കില്‍ തോട്ടം ഉടമകള്‍ ബന്ധപ്പെട്ടിരുന്നത് കങ്കാണിമാരെയാണ്. ഏഴുമണിയ്ക്കു മുന്‍പ് തോട്ടത്തില്‍ എത്തണം. അഞ്ചുമണി വരെ പണി. നടുനിവര്‍ക്കാന്‍ അനുവാദമില്ല, ആണുങ്ങള്‍ തലയില്‍ തോര്‍ത്തുമുണ്ട് കെട്ടിക്കൂട- ഇങ്ങനെ പോകുന്നു കങ്കാണിമാരുടെ നിബന്ധനകള്‍. ‘സ്ഥിരം പണി’ ലഭിക്കും എന്ന ഒറ്റക്കാരണത്താല്‍ തോട്ടപ്പണി തിരഞ്ഞെടുക്കേണ്ടിവന്ന തൊഴിലാളികള്‍ കങ്കാണിമാരുടെ ദയാദാക്ഷിണ്യത്തില്‍ കഴിഞ്ഞുപോന്നു. കങ്കാണിമാരെ അനുസരിച്ച് നടന്നാല്‍ ഐഎന്‍ടിയുസി യൂണിയനില്‍ ചേരാം, ഇല്ലെങ്കില്‍ എന്നും ‘ടെബറുവരി’ (ശെര) തൊഴിലാളിയായി കഴിയേണ്ടിവരും, കൂലിയും കുറയും.
തോട്ടം ഉടമകളുടെ ഒത്താശയോടെയുള്ള ഈ തൊഴിലാളി പീഡനത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ 1969ല്‍ സ. ഏ കെ ദാമോദരന്റെ നേതൃത്വത്തില്‍ സിഐടിയു യൂണിയന്‍ ഉണ്ടാക്കുവാന്‍ മുക്കിടിലില്‍ ആദ്യ രഹസ്യയോഗം ചേര്‍ന്നു. ഏ കെ ദാമോദരന്റെ നേതൃത്വത്തില്‍ ജില്ലാ നേതാവായിരുന്ന എം എം മണിയുടെ സാന്നിദ്ധ്യത്തില്‍ അതേവര്‍ഷം അവസാനം ആദ്യത്തെ ചെങ്കൊടി മുക്കിടിലില്‍ ഉയര്‍ന്നു. യൂണിയന്‍ രൂപീകരണത്തെ സ്വഭാവികമായും മുതലാളിമാര്‍ അംഗീകരിച്ചില്ല. അതുവരെ നിഷ്‌ക്രീയമായിരുന്ന ഐഎന്‍ടിയുസിയെ പുനര്‍സംഘടിപ്പിച്ച് ഒരു ചെറുത്ത് നില്‍പ്പ് പദ്ധതിയൊരുക്കി. പക്ഷേ സിഐടിയുവിന്റെ പിന്തുണ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുവന്നു.
രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഒട്ടാത്തിയിലും യോഗം നടന്നു. ഇ. സി. ഏലിയാസ്, ചെരുവില്‍ ജോയി, പിന്നോലില്‍ കുഞ്ഞാപ്പ്, ബലഭദ്രന്‍ , തുടങ്ങിയവര്‍ സംഘടിപ്പിച്ച രഹസ്യയോഗത്തിലും പ്രസംഗിക്കാന്‍ എത്തിയത് എം എം മണിയായിരുന്നു. രൂപം കൊണ്ടും സംസാരം കൊണ്ടും ഒരു തനി ഹൈറേഞ്ചുകാരനായ മണിയുടെ നേതൃത്വപാടവും കര്‍ക്കശ സ്വഭാവവും സഖാക്കള്‍ക്ക് ആവേശമായി. 1972 ല്‍ വെങ്കലപ്പാറയില്‍ ആദ്യത്തെ ചെങ്കൊടി നാട്ടി. വെങ്കലപ്പാറ എസ്റ്റേറ്റിലെ ഒരു പറ്റം തൊഴിലാളികള്‍ പുതിയ യൂണിയനില്‍ ചേര്‍ന്നതായി അറിയിച്ചുകൊണ്ട് മാനേജ്‌മെന്റിന് നോട്ടീസ് കൊടുത്തു.
അതീവ രഹസ്യമായിട്ട് ആയിരുന്നു യൂണിയന്‍ പ്രവര്‍ത്തനം. പുലരാറാകുമ്പോഴാണ് പാര്‍ട്ടി മീറ്റിങ്ങുകള്‍ നടത്തിയിരുന്നത്. ഒരു ദിവസം മുക്കുടിലില്‍ ആണെങ്കില്‍ അടുത്ത ദിവസം തലൈങ്കാവില്‍ . കാട്ടുപന്നിയുടെ ശല്യമുള്ള കാട്ടിലൂടെ രാത്രിയ്ക്കു പത്തും പതിനഞ്ചും കിലോമീറ്റര്‍ നടന്നു പോയി മണിയും ദാമോദരനും മീറ്റിംഗുകള്‍ സംഘടിപ്പിച്ചു.
തോട്ടം തൊഴിലാളികള്‍ കൂട്ടംകൂട്ടമായി യൂണിയനില്‍ ചേര്‍ന്നുവെങ്കിലും ചെറുകിടക്കാരായ കര്‍ഷകര്‍ സിഐടിയുവിന്റെ വരവിനെ സംശയത്തോടെയാണ് കണ്ടത്. അവര്‍ കൃഷിസ്ഥലങ്ങള്‍ പിടിച്ചെടുക്കുമെന്നും അന്യായമായി കൂലി കൂടുതല്‍ ചോദിയ്ക്കുമെന്നും വന്‍കിട തോട്ടം മുതലാളിമാരുടെ പ്രചരണം കൂടിയായപ്പോള്‍ പാര്‍ട്ടിക്കാരെ എല്ലാവരും ശത്രുതയോടെ കാണുവാന്‍ തുടങ്ങി. സ്വന്തമായി കൃഷിഭൂമിയുള്ള ‘മാന്യമായി’ ജീവിക്കുന്ന ആരും പാര്‍ട്ടിയില്‍ ചേര്‍ന്നില്ല.
അക്കാലത്ത് ആണ് വെങ്കലപ്പാറ എസ്റ്റേറ്റ് കാഞ്ഞിരപ്പിള്ളിക്കാരന്‍ പൊട്ടംകുളം വിലയ്ക്കു വാങ്ങുന്നത്. ഇദ്ദേഹം തോട്ടത്തിനുള്ളില്‍ ഒരു തരത്തിലുള്ള യൂണിയന്‍ പ്രവര്‍ത്തനവും അനുവദിച്ചില്ലെന്നു മാത്രമല്ല കങ്കാണി ഭരണത്തിന് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു.
സ്വതന്ത്രമായ യൂണിയന്‍ പ്രവര്‍ത്തനാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1979ല്‍ ഒട്ടാത്തിയില്‍ നിന്നും വെങ്കലപ്പാറയിലേയ്ക്ക് പാര്‍ട്ടിയും (സിപിഐ(എം)) ട്രേഡ് യൂണിയനും (സിഐടിയു) ചേര്‍ന്ന് ഒരു മാര്‍ച്ച് നടത്തി. പൊട്ടങ്കുളം എസ്റ്റേറ്റിനു മുന്നില്‍ എത്തിയപ്പോള്‍ എസ്റ്റേറ്റ് ബംഗ്ലാവില്‍ നിന്നും നാടന്‍ തോക്കിന് ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു. സ. കാമരാജ് വെടിയേറ്റ് മരിയ്ക്കുകയും പലര്‍ക്കും പരിക്കു പറ്റുകയും ചെയ്തു. അന്നത്തെ വെടിവയ്പ്പില്‍ ശരീരത്തില്‍ കയറിയ നാടന്‍ തോക്കിന്റെ ചില്ലുമായി മുക്കുച്ചാമി ഇന്നും മുക്കുടിയില്‍ ജീവിച്ചിരിക്കുന്നു. രാജകുമാരിയില്‍ നിന്നും (മുന്‍മന്ത്രി കുരുവിളയുടെ വ്യാജഭൂമി ഇടപാടിലൂടെ കുപ്രസിദ്ധമായ രാജകുമാരി തന്നെ) ചെമ്മണ്ണാറിന് പോകുന്ന വഴിയ്ക്കാണ് വെങ്കലപ്പാറ.
ഉടുമ്പഞ്ചോല താലൂക്കിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായിരുന്നു സ:കാമരാജിന്റേത്. ഈ അവസരം മുതലെടുത്ത് സിഐടിയുവിനെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യുവാന്‍ തോട്ടം മുതലാളിമാരും ഐഎന്‍ടിയുസി പ്രവര്‍ത്തകരും പദ്ധതിയിട്ടു. അവരുടെ സ്വാധീനത്തില്‍ ഒരു സംഘം കെഎപിക്കാരെ വെങ്കലപ്പാറയിലുള്ള പൊന്നപ്പന്‍പിള്ള തോട്ടത്തിനകത്തെ ഒറ്റപ്പെട്ട ബംഗ്ലാവില്‍ ക്യാമ്പു ചെയ്യിപ്പിച്ചു.
വെങ്കലപ്പാറയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയുള്ള കുളപ്പാറച്ചാല്‍ വാസിയായ മുള്ളഞ്ചിറ മത്തായിയുടെ നേതൃത്തില്‍ വാഴപ്പിള്ളില്‍ ഉണ്ണി, തുടങ്ങിയവര്‍ സന്ധ്യയാകുമ്പോള്‍ ഒട്ടാത്തി, മോസ്‌ക്കോ കുന്ന്, വെങ്കലപ്പറ, അരിവിളംചാല്‍ പ്രദേശങ്ങളിലെ സിഐടിയുക്കാരുടെ വീടു തിരഞ്ഞ് ഇറങ്ങും. ഇക്കാലത്തു പോലും വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തില്‍ ഈ പ്രദേശങ്ങളില്‍ വീടുകളില്ല. ജനങ്ങള്‍ക്കു പുറത്തിറങ്ങുവാന്‍ ഭയമായി. യൂണിയന്‍ പ്രവര്‍ത്തകരിലെ ശക്തയായ വനിത പ്രവര്‍ത്തകയായിരുന്ന സിഐടിയുവിന്റെ യൂണിറ്റ് പ്രസിഡന്റ് പുന്നോലി മേരി ഭയന്ന് ഒളിവില്‍ പോയി. പുന്നോലി മേരിയുടെ ഒളിത്താവളമറിയാന്‍ മോസ്‌ക്കോക്കുന്നിലെ വപ്പിമത്തായിയുടെ മകള്‍ ഡോലിയെ രാത്രി വീട്ടില്‍ നിന്നും വലിച്ചിഴചു കൊണ്ടുപോയിട്ട് തിരികെ വിട്ടത് രണ്ടാമത്തെ ദിവസമാണ്.
ധയഹൗൃയ:4:ഹലളപേ മോസ്‌ക്കോയിലെ എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഒരു യൂണിയന്‍ പ്രവര്‍ത്തകയെ മുറ്റത്ത് വലിച്ചിറക്കിയിട്ട് വയറിന്മേല്‍ കയറിയിരുന്നിട്ട് ‘ നിന്റെ വയറില്‍ ഇരിക്കുന്നത് ബഡ്ഡില്‍ ഇരിക്കുന്നതിനേക്കാള്‍ സുഖമുണ്ടല്ലോടീ’ എന്നു മുള്ളന്‍ചിറ മത്തായി പറഞ്ഞത് ഈ കാലത്തും ആ നാട്ടുകാര്‍ ഓര്‍ത്തിരിക്കുന്നു. ഐ എന്‍ റ്റി യു സിയില്‍ ചേര്‍ന്നു എന്ന് എഴുതി തയ്യാറാക്കിയ സ്റ്റേറ്റന്മെന്റും ആയിട്ടാണ് സംഘം ഇറങ്ങുന്നത്. ഒപ്പിടുന്നവരെ കാര്യമായി ഉപദ്രവിക്കില്ല. ആണുങ്ങള്‍ പോലീസിനെ പേടിച്ച് ഒളിവില്‍ പോയി. തനിയെ ഉള്ള സ്ത്രീകള്‍ സഹിക്കുകയല്ലാതെ വഴിയില്ലായിരുന്നു.
ഇതേസമയം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന ആഞ്ചേരി ബേബിയുടെ നേതൃത്വത്തില്‍ തലൈങ്കാവ് വട്ടപ്പാറ, മേലെ ചെമ്മണ്ണാര്‍ പ്രദേശങ്ങളില്‍ സിഐറ്റിയുവിനെതിരെ പ്രവത്തനം നടത്തിക്കൊണ്ടിരുന്നു. എങ്കിലും ഒട്ടാത്തി സംഘത്തേക്കാള്‍ പീഡനങ്ങളും ക്രൂരതയും കുറവായിരുന്നു തലൈങ്കാവ് സംഘത്തിന്.
മാസങ്ങള്‍ ഇതേരീതിയുള്ള ഭീകരാന്തരീഷം നിലനിന്നു. സിഐടിയുവിന് സംഘടനാ പ്രവര്‍ത്തനം ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത ഘട്ടത്തില്‍ എത്തി.
എ കെ ദാമോദരന്‍, എം എം മണി, ഒ ജി മദനന്‍ തുടങ്ങിയവര്‍ രഹസ്യമായി വന്നു പോകുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി നിലച്ചു. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമം പാര്‍ട്ടിപ്രവര്‍ത്തകരെ മാനസികമായി തളര്‍ത്തി. പാര്‍ട്ടി ഓഫീസുകള്‍ തുറക്കാതെയായി. എങ്കിലും പുന്നോലി മേരിയെയും പ്രമുഖ പ്രവര്‍ത്തകരെയും ഗുണ്ടകളുടെ കൈയില്‍ കിട്ടിയില്ല.
അങ്ങിനെയിരിക്കെയാണ് പൊന്നപ്പന്‍ പിള്ളയുടെ വീട്ടില്‍ ക്യാമ്പു ചെയ്തിരുന്ന കെ എ പിക്കാര്‍ ചിലര്‍ ഒട്ടാത്തിയില്‍ രങ്കസ്വാമിയുടെ ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് വീട് കണ്ടു പിടിയ്ക്കുകയും രാത്രി ആ വീട്ടില്‍ ചെല്ലുകയും ചെയ്തത്. ഈ വാര്‍ത്ത കാട്ടുതീപോലെ നാട്ടില്‍ പടര്‍ന്നു. ഈ സമയത്ത്, അതായത് 1982 ന്റെ അവസാനം സ. കെ ആര്‍ ഗൗരിയമ്മ മുക്കിടില്‍ സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തിന് ശേഷമാണ്, പ്രതിരോധത്തില്‍ നിന്നും പ്രത്യാക്രമണത്തിലേയ്ക്ക് സി പി എം പാര്‍ട്ടി തിരിയുന്നത്.
ധയഹൗൃയ:5:ൃശഴവപേ വീട് വിട്ട് ഓടിയവരെയെല്ലാം തിരികെവന്ന് തോട്ടത്തില്‍ പണിയ്ക്കു പോയി, എന്നും പാര്‍ട്ടി ഓഫീസില്‍ കൂടി, രാത്രി ഭീഷിണിയുണ്ടായിരുന്ന വീടുകള്‍ക്ക് കാവലിരുന്നു. സ. മേരി ഒളിവില്‍ നിന്നും തിരിച്ചു വന്നു വീണ്ടും കാട്ടില്‍ പണിയ്ക്കുപോയിത്തുടങ്ങി.
1982 നവംബര്‍ 13ന് മേലെ ചെമ്മണാറില്‍ വച്ച് ആഞ്ചേരി ബേബി വെടി കൊണ്ട് മരിച്ചു. ശാന്തന്‍പാറ സ്റ്റേഷന്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം. പിന്നെ പോലീസിന്റെ തേര്‍വാഴ്ചയായിരുന്നു. ഗുണ്ടകളും വെറുതെയിരുന്നില്ല. പുന്നോലി മേരിയെ തോട്ടം പണി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് മത്തായിയും സംഘവും ആക്രമിച്ചു. മരിച്ചുവെന്നു കരുതി വഴിയില്‍ ഉപേക്ഷിച്ചിട്ടു കടന്നുകളഞ്ഞു. തലൈങ്കാവിലെ പ്രവര്‍ത്തകയായിരുന്ന തിലോത്തമയുടേ വീടുകയറി ആക്രമിച്ച് ദീപു എന്ന കൊച്ചുകുഞ്ഞിനെ അമ്മയുടെ മുന്നില്‍വച്ച് മുറ്റത്തേയ്ക്ക് എടുത്തെറിഞ്ഞു. (തിലോത്തമ കഴിഞ്ഞ ടേമിലെ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു).
ലോക്കപ്പ് മര്‍ദ്ദനത്തിന് പേര്‍ കേട്ട മത്തായി എന്ന എസ് ഐ ആയിരുന്നു ശാന്തന്‍പാറ സ്റ്റേഷനില്‍ . പിടികിട്ടിയവരെയെല്ലാം തല്ലിച്ചതച്ചു. മേരിയെ മര്‍ദ്ദിച്ചതിന്റെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (1983 ജനുവരി 16 ന്) മുള്ളഞ്ചിറ മത്തായിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വിവരം അറിഞ്ഞ് ഓടിക്കൂടിയവര്‍ മത്തായിയെ ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദിച്ചവര്‍ അനുവദിച്ചില്ല. പക്ഷേ, അതിനകം തന്നെ മത്തായി മരിച്ചിരുന്നു.
രണ്ടു പ്രദേശങ്ങളില്‍ ഭീതിവിതച്ചിരുന്ന പ്രമുഖരുടെ തിരോധാനം എതിര്‍ ചേരിയില്‍ അങ്കലാപ്പു പടര്‍ത്തി. പീഡനത്തിന് നേതൃത്വം കൊടുക്കാന്‍ ആളില്ലാതെയായി. തോട്ടം ഉടമകള്‍ യൂണിയനെ അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. കങ്കാണി സമ്പ്രദായം നിത്തലാക്കി. മിനിമം കൂലി 27 രൂപ ആയി നിജപ്പെടുത്തി (ഇന്നത് 215 രൂപയാണ്). എട്ടു മണിക്കൂര്‍ ജോലിസമയം അംഗീകരിച്ചു.
അടുത്ത ഇര പൊന്നപ്പന്‍ പിള്ള ആയേക്കാം എന്നൊരു അഭ്യൂഹം പരക്കുകയും തന്മിത്തം യൂണിയന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു. ആ കാലത്ത് കോണ്‍ഗ്രസിലെ ജില്ലാ നേതാവ് ആയിരുന്ന ജോസ് കുറ്റിയാനിയ്ക്ക് വയലാര്‍ രവിയേക്കാള്‍ ഇടുക്കി ജില്ലയില്‍ പിന്തുണ വര്‍ദ്ധിച്ചുവരുന്നതില്‍ അതൃപ്തനായ രവി കുറ്റിയാനിയെ പാര്‍ട്ടിയില്‍ തഴഞ്ഞു. കുറ്റിയാനിയെ പിന്തുണച്ചിരുന്ന പൊന്നപ്പന്‍ പിള്ള നിരാശനായി ബി ജെ പി യുടെ സഹയാത്രികനായതും, വര്‍ഷങ്ങള്‍ക്കു ശേഷം പൊന്നപ്പന്‍ പിള്ളയുടെ മകന്‍ അനില്‍കുമാര്‍ സിപിഎം അനുഭാവി ആയതും കാലത്തിന്റെ കളികള്‍ എന്നേ പറയാനാകൂ. പിന്നീട് സ്വസ്ഥജീവിതം നയിച്ചിരുന്ന അദ്ദേഹം ഏതാണ്ട് പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വെങ്കലപ്പാറയിലെ എസ്റ്റേറ്റ് വിട്ട് ചങ്ങാനാശേരിയിലേയ്ക്ക് പോയി.
മുട്ടുകാട് നാണപ്പന്റെ വധത്തിന് പിന്നില്‍ കുടുംബ വഴക്കും അതിനോട് അനുബന്ധിച്ചുണ്ടായ സ്വത്ത് തര്‍ക്കവും ആയിരുന്നു. പക്ഷേ കൊലപാതക ശേഷം ഒരു പക്ഷം സിപിഎം ഏറ്റുപിടിച്ചപ്പോള്‍ നാണപ്പന്റെ പക്ഷം കോണ്‍ഗ്രസ്സ് ഏറ്റുപിടിയ്ക്കുകയും, ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ ഛായ വരികയും ചെയ്തു എന്നല്ലാതെ രഷ്ട്രീയമായ കാരണങ്ങള്‍ നാണപ്പന്റെ കൊലയ്ക്കു പിന്നില്‍ ഇല്ല.
അഞ്ചേരി ബേബിയുടെയും മുള്ളഞ്ചിറ മത്തായിയുടേയും വധത്തില്‍ പലരും പ്രതിചേര്‍ക്കപ്പെട്ടെങ്കിലും തെളിവുകളുടെയും സാക്ഷികളുടേയും അഭാവത്തില്‍ ആരും ശിക്ഷിക്കപ്പെടുകയുണ്ടായില്ല.
എന്തായാലും 1985 ന് ശേഷം എല്ലാ പാര്‍ട്ടിക്കാരും സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കുകയും മറ്റു പ്രദേശങ്ങളേക്കാള്‍ താരതമ്യേന ശാന്തമായ ഒരു ജീവിതം അവിടെ ഉണ്ടാവുകയും ചെയ്തു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
കടപ്പാട് സജി മാര്‍ക്കോസ്
malayal.am