സ്വന്തം ലേഖകൻ
ലക്നൗ: ഉത്തർപ്രദേശിലെ മധോര പഞ്ചായത്തിൽ മൊബൈൽ ഉപയോഗിക്കുന്ന പെൺകുട്ടികൾക്ക് 21000 രൂപ വരെ പിഴ ചുമത്താൻ തീരുമാനം. വലിയ പിഴചുമത്തി കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുവരുത്താനുള്ള പുതിയ മാർഗമെന്ന നിലയ്ക്കാണ് പഞ്ചായത്ത് പുതിയ നിയമം നടപ്പിലാക്കിയത്.
ഗ്രാമ പഞ്ചായത്താണ് ഈ തീരുമാനം എടുത്തത്. പൊതുനിരത്തിലൂടെ മൊബൈലിൽ സംസാരിച്ച് നടക്കുന്ന പെൺകുട്ടികളിൽ നിന്നും 21000 രൂപ പിഴ ഈടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.
പെൺകുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗമാണ് പീഡന ശ്രമങ്ങൾ വർധിക്കാൻ കാരണമെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മാത്രമല്ല മൊബൈൽ ഉപയോഗം കാരണമാണ് പെൺകുട്ടികൾ ഒളിച്ചോടി പോകുന്നതെന്നും ഗ്രാമസമിതി പറയുന്നു.
മൊബൈൽ ഫോൺ നിരോധനം മാത്രമല്ല പശുവിന്റെ പേരിലും പിഴചുമത്താനാണ് പഞ്ചായത്തിന്റെ തീരുമാനം പശുവിനെ കൊല്ലാൻ ശ്രമിക്കുകയോ മോഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ 2 ലക്ഷം രൂപയാണ് പിഴ. ഇതിന് പുറമെ ഗ്രാമത്തിൽ മദ്യം വിൽക്കുന്നവർക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
പഞ്ചായത്തംഗങ്ങൾ ഒന്നിച്ചുചേർന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്. മുൻ വില്ലേജ് പ്രധാൻ മുഹമ്മദ് ഗഫാറാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഗോഹത്യയ്ക്കെതിരായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്യാമ്പയിന് എല്ലാ വിധ പിന്തുണയും മുസ്ലീം സമുദായത്തിൽ നിന്നും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
ഞങ്ങൾ പശുക്കളെ ബഹുമാനിക്കുന്നു. ഗോഹത്യ ഞങ്ങൾ അനുവദിച്ചുകൊടുക്കില്ല. അതിന് കൂടി വേണ്ടിയാണ് ഇത്തരമൊരു പിഴ ചുമത്തുന്നത്.
മാത്രമല്ല പശുവിനെ കശാപ്പ് ചെയ്യാനോ മോഷ്ടിക്കാനോ ആരെങ്കിലും ശ്രമിക്കുന്നതിനെ കുറിച്ച് പഞ്ചായത്തിനെ അറിയിക്കുന്നവർക്ക് 51000 രൂപ സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.- ഗഫാർ പറഞ്ഞു.
പശുവിനെ കൊല്ലുന്നവരെ ഉടൻ തന്നെ പൊലീസിന് കൈമാറുകയും പഞ്ചായത്തിൽ നിന്ന് തന്നെ പുറത്താക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പിഴ തുക അടക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവരാണെങ്കിൽ അവരുടെ സ്വത്തിൽ നിന്നും അത് കണ്ടുകെട്ടുമെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.