മാര്‍ച്ച് 31നു മുന്‍പ് ഇന്ത്യയില്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ആധാര്‍ രേഖയില്ലാത്ത വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ നാട്ടിലെ മൊബൈല്‍ നമ്പരുകളുടെ റീ വെരിഫിക്കേഷന്‍ നടത്താന്‍ ഇപ്പോള്‍ ബദല്‍ സംവിധാനമുണ്ട്. നാട്ടിലുള്ള ഒരു വ്യക്തിയുടെ ആധാര്‍ നമ്പരും അയാളുടെ സഹായവുമാണ് വെരിഫിക്കേഷന്‍ നടപടികള്‍ക്ക് ആവശ്യം.സങ്കീര്‍ണമായ ഈ പ്രക്രിയ ലഘൂകരിക്കണമെന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഈ നടപടികള്‍ മാത്രമാണ് ഏക ആശ്രയം. പ്രവാസി മലയാളികള്‍ ഭൂരിഭാഗവും നാട്ടില്‍ മൊബൈല്‍ നമ്പര്‍ ഉള്ളവരാണ്. പലരും വര്‍ഷങ്ങളായി ഒരേ മൊബൈല്‍ നമ്പര്‍ തന്നെ സൂക്ഷിക്കുന്നവരും. അതുകൊണ്ടു തന്നെ മൊബൈല്‍ നമ്പര്‍ റീ വെരിഫിക്കേഷന്‍ നടത്തുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്.
റീ വെരിഫിക്കേഷന്
1. ടെലികോം സേവനദാതാക്കളുടെ വെബ്‌സൈറ്റ് മുഖേനയാണ് റീ വെരിഫിക്കേഷന്‍ നടത്തേണ്ടത്. ബിഎസ്എന്‍എല്‍ പോലുള്ള സേവന ദാതാക്കള്‍ ഹോംപേജില്‍ തന്നെ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ റീ വെരിഫിക്കേഷന്‍ നടത്തുന്നതിനു മുന്‍പു വെബ്‌സൈറ്റില്‍ സ്വന്തമായി അക്കൗണ്ട് തുറന്ന് ലോഗിന്‍ ചെയ്യണം.
2. മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍, ഓതന്റിക്കേഷന്‍ കോഡ് എസ്എംഎസായി നിര്‍ദ്ദിഷ്ട മൊബൈലില്‍ ലഭിക്കും. ആ നമ്പര്‍ വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്താല്‍ മാത്രമേ മുന്നോട്ടു പോകാനാകൂ.
3. ഇതു ചെയ്തു കഴിഞ്ഞാല്‍ ഇ- സിഎഎഫ് (കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം) തെളിയും. സബ്‌സ്‌ക്രൈബറുടെ പേര്, അച്ഛന്റെ/ഭര്‍ത്താവിന്റെ പേര്, ജനന തീയതി, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നമ്പര്‍, വിലാസം, വിദേശരാജ്യത്തെ വിലാസം, ഇ മെയില്‍ വിലാസം, വിസ നമ്പര്‍, കാലാവധി തുടങ്ങിയ വിശദാംശങ്ങള്‍ ഇവിടെ നല്‍കണം.
4. പാസ്‌പോര്‍ട്ട്, വിസ എന്നിവയുടെ സ്‌കാന്‍ ചെയ്ത കോപ്പിയും ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.
5. എല്ലാം വ്യക്തമായി പൂരിപ്പിച്ചു കഴിഞ്ഞതിനു ശേഷം ‘സബ്മിറ്റ്’ ബട്ടന്‍ ക്ലിക്ക് ചെയ്യണം. ഇപ്പോള്‍ ഒരു ‘ട്രാന്‍സാക്ഷന്‍ ഐഡി’ ലഭിക്കും. ഈ ട്രാന്‍സാക്ഷന്‍ ഐഡിക്ക് 48 മണിക്കൂര്‍ മാത്രമാണു സാധുത.
6. ആധാറും ആധാറില്‍ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമുള്ള വിശ്വസ്തനായ വ്യക്തിക്ക് ഈ ട്രാന്‍സാക്ഷന്‍ ഐഡി സബ്‌സ്‌ക്രൈബര്‍ കൈമാറണം. ഈ ഐഡി ഉപയോഗിച്ച് ഈ വ്യക്തിയാണ് ആധാര്‍ ഇ- കെവൈസി നടപടികള്‍ നിര്‍വഹിക്കുക.
7. അതിനുവേണ്ടി ഈ വ്യക്തി ടെലികോം സേവനദാതാവിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഈ ട്രാന്‍സാക്ഷന്‍ ഐഡിയും വെരിഫൈ ചെയ്യേണ്ട എന്‍ആര്‍ഐ സബ്‌സ്‌ക്രൈബറുടെ മൊബൈല്‍ നമ്പറും നല്‍കണം.
8. രണ്ടും യോജിക്കുന്നതാണെങ്കില്‍ സബ്‌സ്‌ക്രൈബറുടെ വിശദാംശങ്ങള്‍ തെളിയും. തുടര്‍ന്ന് തന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് എന്‍ആര്‍ഐ സബ്‌സ്‌ക്രൈബറുടെ മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യാന്‍ അനുമതി നല്‍കണം.
9. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇതേ ആധാര്‍ നമ്പര്‍ വെരിഫിക്കേഷന് ഉപയോഗിച്ചിട്ടുണ്ടോയെന്നു വെബ്‌സൈറ്റ് പരിശോധിക്കും. ഒരാള്‍ക്ക് ഇത്തരത്തില്‍ അഞ്ചു നമ്പറുകള്‍ മാത്രമേ വെരിഫൈ ചെയ്യാന്‍ കഴിയൂ.
10. ആധാര്‍ മുഖേനയുള്ള ഒറ്റത്തവണ പാസ്‌വേഡ് മൊബൈല്‍ നമ്പറില്‍ ലഭിക്കും. ഈ ഒടിപി വെബ്‌സൈറ്റില്‍ നല്‍കണം.
11. ഒടിപി ശരിയാണെങ്കില്‍ ആധാര്‍ വിശദാംശങ്ങള്‍ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ക്കു ലഭിക്കും. ഇതോടെ റീ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായെന്നു പറയാം. എങ്കിലും അപ്‌ലോഡ് ചെയ്ത രേഖകളെല്ലാം പരിശോധിച്ചു 96 മണിക്കൂറിനുള്ളില്‍ അപേക്ഷ അംഗീകരിച്ചതായുള്ള വിവരം സബ്‌സ്‌ക്രൈബറുടെയും വിശ്വസ്തനായ വ്യക്തിയുടെയും മൊബൈലില്‍ ലഭിക്കും.
എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അപേക്ഷ നിരസിക്കും. അങ്ങനെയെങ്കില്‍ എന്‍ആര്‍ഐ സബ്‌സ്‌ക്രൈബര്‍ വീണ്ടും നടപടികള്‍ ആദ്യം മുതല്‍ ആരംഭിക്കണം.