ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളെടുക്കുകയും പാക്കിസ്ഥാനെതിരായ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രസക്തനാവുകയും ചെയ്തതാണ് മോദിയുടെ നേട്ടത്തിന് പിന്നില്‍.
പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മോദിയുള്ളത്. ആദ്യ പത്തില്‍ ഇടം പിടിക്കാനായി എന്നത് അദ്ദേഹത്തിന്റെ വിജയമാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അദ്ധ്യക്ഷ ജാനറ്റ് യെല്ലന്‍, മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ്, ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ് എന്നിവരാണ് മോദിക്ക് മുന്നിലുള്ള മറ്റു പ്രമുഖര്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. അന്താരാഷ്ട്ര വിഷയങ്ങളില്‍ അമേരിക്കയെ അപ്രസക്തമാക്കി റഷ്യ മുന്നോട്ടുകയറിവന്നതാണ് പുട്ടിന് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അവസരം ഒരുക്കിയത്. 2013 മുതല്‍ പുട്ടിന്‍ ഈ സ്ഥാനം നിലനിര്‍ത്തിപ്പോരുകയാണ്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. സ്ഥാനം ഒഴിയുന്ന ബരാക് ഒബാമ നാല്‍പ്പത്തിയെട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് പട്ടികയില്‍ മൂന്നാമതുള്ളത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നാലാം സ്ഥാനത്തും ഫ്രാന്‍സിസ് മാര്‍പാപ്പ അഞ്ചാം സ്ഥാനത്തുമുണ്ട്. ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പത്താം സ്ഥാനത്തും ഇടം നേടി. ഇന്ത്യയില്‍നിന്ന് മുകേഷ് അംബാനി മുപ്പത്തിയെട്ടാം സ്ഥാനത്ത് ഇടം നേടി.
ഓരോരുത്തരുടെയും സാമ്പത്തികവും സാമൂഹിവുമായ ശക്തിയും ജനപ്രീതിയുമാണ് ഈ പട്ടികയ്ക്ക് ആധാരമായി കണക്കാക്കുന്നതെന്ന് ഫോബ്‌സ് മാസിക വ്യക്തമാക്കി.