വാഷിങ്ടണ്‍: ഭീകരതയെ മതത്തില്‍നിന്ന് വേര്‍തിരിയ്ക്കണമെന്ന ഭാരത നിലപാട് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകര പ്രവര്‍ത്തകരെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.ഭീകരവാദം വിരിയുന്നതും വളരുന്നതും ഇന്ത്യയുടെ അയല്‍പക്കത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമാകെ ഭീകരവാദത്തിന്‍െറ നിഴലിലാണെങ്കിലും ഇന്ത്യയുടെ അയല്‍പക്കമാണ് ഇതിനെ വളര്‍ത്തുന്നതെന്ന് യു.എസ് കോണ്‍ഗ്രസിന്‍െറ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. ലോകമെമ്പാടും ഭീകരതയുണ്ടെങ്കിലും അത് ഭാരതത്തിന്റെ അയലത്ത് ആസൂത്രിതമായി വളര്‍ത്തിയെടുക്കുകയാണ്. ഭീകരത വിദ്വേഷം, കൊലപാതകം, അക്രമം എന്നിങ്ങനെ പലപേരുകളില്‍ വന്‍ ഭീഷണിയായി നിലനില്‍ക്കുന്നു, മോദി പറഞ്ഞു.
ഭാരത പ്രധാനമന്ത്രിയുടെ നയ-നിലപാടു പ്രഖ്യാപനങ്ങളെയും കാഴ്ചപ്പാടുകളേയും കോണ്‍ഗ്രസ് അംഗങ്ങള്‍ ഓരോ തവണയും എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി സ്വീകരിച്ചു. ഇത് ഭാരതത്തിന് ലോകത്തിനു മുന്നില്‍ കിട്ടിയ ഉജ്ജ്വലവും പ്രൗഢവുമായ അംഗീകാരമായി.
‘നമ്മുടെ ബന്ധം ശോഭനമായ ഭാവിയിലേക്ക് കുതിക്കുകയാണ്. ഭൂതകാലത്തെ പ്രതിസന്ധികള്‍ നമുക്കു പിറകിലായിക്കഴിഞ്ഞു. ഭാവിയുടെ തറക്കല്ലുകളാണ് മുന്നിലുള്ളത്. ഓര്‍ക്കസ്ട്രക്കുവേണ്ടിയുള്ള ഉപകരണങ്ങളെല്ലാം തയാറായിക്കഴിഞ്ഞു. ബാറ്റണ്‍ ശുഭസൂചന കാണിക്കുന്നു. പുതിയ സിംഫണിയുടെ തുടക്കമായി…’ -ഇന്ത്യ-യു.എസ് ബന്ധത്തെ കാവ്യാത്മകമായി സൂചിപ്പിച്ച് മോദി പറഞ്ഞു.
ഭീകരതയാണ് ഇന്ന് അമേരിയ്ക്കയും ഭാരതവും ലോകമാകമാനവും നേരിടുന്ന വെല്ലുവിളി. മാനവികതയ്ക്കു വേണ്ടി നിലകൊള്ളുന്നവര്‍ ഒന്നിച്ചുനിന്ന് അതിനെതിരെ പോരടിയ്ക്കണം, അതാണ് ഈ സമയത്തെ ആവശ്യം. ആഗോള ഭീകരതയെ തോല്‍പ്പിയ്ക്കണം. സുരക്ഷാ കാര്യങ്ങളില്‍ അമേരിയ്ക്കയ്ക്കും ഭാരതത്തിനും ഒന്നിച്ചു മുന്നേറാന്‍ ഏറെ ദൂരമുണ്ട്, സാധ്യതയുമുണ്ട്.
ഭീകരതയെ എല്ലാത്തലത്തിലും നിയമവിരുദ്ധമാക്കണം, പ്രധാനമന്ത്രി പറഞ്ഞു.ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വര്‍ഷമായ 2022-ല്‍ ഭാരതത്തിലെ മുഴുവന്‍ ജനങ്ങളെയും സാമ്പത്തിക ശക്തരാക്കുകയാണ് ലക്ഷ്യമെന്നു പറഞ്ഞ മോദി ഇക്കാര്യത്തില്‍ അമേരിയ്ക്കയുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് വിശ്വസിയ്ക്കുന്നുവെന്നും പറഞ്ഞു.
സംയുക്ത കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ഹാളിലേക്ക് കടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗങ്ങള്‍ എഴുന്നേറ്റു നിന്ന് കരഘോഷം മുഴക്കി സ്വീകരിച്ചു. ഹൗസ് ഓഫ് ഡെമേക്രാറ്റിക് നേതാവ് നാന്‍സി പെലേസിയും മറ്റു നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. നിയമനിര്‍മ്മാതാക്കള്‍ക്ക് ഹസ്തദാനം നടത്തി മോദി ഗ്യാലറിയില്‍ സന്ദര്‍ശകര്‍ക്കും ഭാരത-അമേരിക്കന്‍ സൗഹൃദ സംഘ പ്രതിനിധികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചു.
ഇംഗ്ലീഷ് പ്രസംഗത്തില്‍ മോദി ഭാരതീയ ചരിത്ര-സാമൂഹ്യ പുരുഷന്മാരെ സഭയില്‍ അനുസ്മരിച്ചു. ചരിത്രമായ ചിക്കാഗോ പ്രസംഗം നടത്തിയ സ്വാമി വിവേകാനന്ദന്‍, മഹാത്മാ ഗാന്ധി, ഡോ. അംബേദ്കര്‍ തുടങ്ങി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരിയുടെ പ്രസംഗവും മോദി സഭയില്‍ പരാമര്‍ശിച്ചു.
മുംബൈയില്‍ 2008-ല്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ ഭാരതത്തിനൊപ്പം നിന്ന അമേരിയ്ക്കയുടെ നടപടി ഒരിയ്ക്കലും മറക്കില്ല. ഇന്ന് ഭാരത-യുഎസ് ബന്ധം പഴയ വിരോധങ്ങളെ വെറും ചരിത്രമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ 21-ാം നൂറ്റാണ്ടിന്റെ ചങ്ങാത്തമെന്നു വിശേഷിപ്പിച്ചത് അതിശയോക്തിയല്ല. മുന്‍ ഭാരത പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സ്വാഭാവിക മിത്രങ്ങളെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്, മോദി പറഞ്ഞു.30 ദശലക്ഷം അമേരിയ്ക്കക്കാര്‍ ഭാരതീയമായ യോഗ ഇവിടെ ചെയ്തുവരുന്നു. എന്നിട്ടും ഞങ്ങള്‍ ബൗദ്ധിക സ്വത്തവകാശം ചോദിയ്ക്കുന്നില്ലെന്ന മോദിയുടെ പ്രസ്താവന സദസ്സ് ഏറെ ആസ്വദിച്ചു. അമേരിയ്ക്കയിലെ പ്രമുഖ കമ്പനികളുടെ സിഇഒകള്‍ ഭാരതീയസമൂഹത്തില്‍നിന്നുള്ളവരാണെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞര്‍, അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ തുടങ്ങി എല്ലാ മേഖലകളിലും ഭാരതീയരുണ്ട്, മോദി പറഞ്ഞു.