പ്രധാനമന്ത്രിയായി നരേന്ദ്രമോഡി ചുമതലയേറ്റെടുത്ത ശേഷം ആദ്യം ദത്തെടുത്ത ഗ്രാമമായിരുന്നു വാരണാസി മണ്ഡലത്തിലെ ജയപൂര്‍. സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതി പ്രകാരമായിരുന്നു ദത്തെടുക്കല്‍. ഇതിന്റെ ഭാഗമായി കക്കൂസില്ലാത്ത ജനങ്ങള്‍ക്ക് കക്കൂസ് പണിയാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. 430 കുടുംബങ്ങള്‍ക്ക് വേണ്ടി 624 കക്കൂസുകളാണ് പണി കഴിപ്പിച്ചത്. സര്‍ക്കാരും എന്‍ജിഓകളുമാണ് പണി നടത്തിയത്. എന്നാല്‍ പണിത കക്കൂസുകളുടെ നിലവാരം വളരെ മോശമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. വെള്ളത്തിനും മറ്റു കാര്യങ്ങള്‍ക്കും വേണ്ട സൗകര്യമില്ല. മാലിന്യം പോകേണ്ട കുഴി സൗകര്യം പോലുമില്ല ചില കക്കൂസുകള്‍ക്ക്. ബയോ ടോയ്‌ലറ്റുകള്‍ക്ക് വെള്ളത്തിന്റെ സൗകര്യം പോലുമില്ല. വാതിലുകള്‍ പോലും അനുവദിച്ചിട്ടില്ല. എങ്ങനെയാണ് ഈ കക്കൂസുകള്‍ ഞങ്ങള്‍ ഉപയോഗിക്കുക എന്ന് ഗ്രാമവാസിയായ ശിവ്‌നാഥ് ചോദിക്കുന്നു. ബിജെപിയുമായി ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ട് കക്കൂസുകള്‍ അനുവദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഒരു കക്കൂസ് പോലും അനുവദിച്ചിട്ടില്ലെന്ന് ചിലര്‍ പരാതിപ്പെടുന്നു. വെറുതെ പ്രഖ്യാപനത്തിനു വേണ്ടി മാത്രമാണ് ഇവ നടത്തിയതെന്നും ഗ്രാമവാസികള്‍ പറഞ്ഞു.