സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുതൽ പതഞ്ജലിയുടെ വിവിധ ഇനം ഉത്പന്നങ്ങളുടെ പരസ്യങ്ങൾ ഇന്ത്യയിലെ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞിരുന്നു. എന്നാൽ, ഇതിനെല്ലാം പുറമെ പതഞ്ജലി ഞെട്ടിച്ചത് അടുത്തിടെ ഇറങ്ങിയ ഫോബ്‌സ് മാസികയിലെ സമ്പന്നരുടെ പട്ടിക കണ്ടപ്പോഴാണ്.
ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടിക ഫോബ്‌സ് പുറത്തു വിട്ടു. മുകേഷ് അംബാനി തുടർച്ചയായി ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനെന്ന സ്ഥാനം അരക്കിട്ട് ഉറപ്പിക്കുമ്പോൾ ശ്രദ്ധേയമായത് മറ്റൊരാളുടെ ഫോബ്‌സ് പട്ടികയിലേക്കുള്ള പ്രവേശനമാണ്. യോഗാ ഗുരു രാംദേവിന്റെ സഹായിയും പതഞ്ജലി ആയുർവേദയുടെ സഹസ്ഥാപകനുമായ ബാലകൃഷ്ണ സഹസ്ര കോടീശ്വര പട്ടികയിലേക്ക് പ്രവേശിച്ചു. ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിൽ 48ാം സ്ഥാനമാണ് ബാലകൃഷ്ണയ്ക്കുള്ളത്.
പതഞ്ജലിയുടെ സഹസ്ഥാപകന്റെ ആസ്ഥി2.5 ലക്ഷം ബില്യൺ ഡോളർ (ഏകദേശം 16,000 കോടി) ആണെന്നാണ് ഫോബ്‌സ് കണക്കാക്കിയിരിക്കുന്നത്. പതഞ്ജലി ആയുർവ്വേദയുടെ 97% ഓഹരിയും ബാലകൃഷ്ണയുടെ പേരിലാണ്. യോഗാ ഗുരു ബാബാ രാംദേവാണ് പതഞ്ജലിക്ക് പിന്നിലെങ്കിലും പേപ്പറുകളിൽ ബ്രാൻഡ് അംബാസിഡർ മാത്രമാണ് രാംദേവ്. ഇതോടെയാണ് പതഞ്ജലി കമ്പനിയുടെ ഉടമയായി ബാലകൃഷ്ണ മാറിയത്.
10 വർഷങ്ങൾക്ക് മുമ്പ് ഒരു ബാങ്ക് അക്കൗണ്ട് പോലും സ്വന്തം പേരിൽ ഇല്ലാതിരുന്ന ബാലകൃഷ്ണ ബാബാ രാംദേവിന്റെ വിശ്വസ്തനും സഹായിയുമായതോടെയാണ് ശ്രദ്ധ നേടിയത്. 2011ൽ സിബിഐ ബാലകൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനാ കുറ്റത്തിനും വ്യാജരേഖയുണ്ടാക്കിയതിനുമാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ രേഖകൾ വ്യാജമായി കെട്ടിച്ചമച്ച് പാസ്‌പോർട്ട് നേടിയതിനായിരുന്നു നടപടി. ബാലകൃഷ്ണയുടെ പൗരത്വം സംബന്ധിച്ചും വിവാദങ്ങളും ചോദ്യശരങ്ങളും ഉയർന്നിരുന്നു. ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിനും ബാലകൃഷ്ണക്കെതിരെ കേസെടുത്തിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കള്ളപ്പണക്കേസിൽ ബാലകൃഷ്ണക്കെതിരെ അന്വേഷണം നടത്തിയിരുന്നു. തെളിവിന്റെ അഭാവത്തിൽ രണ്ട് വർഷം നീണ്ട അന്വേഷണം ഉപേക്ഷിക്കുകയായിരുന്നു.
ഇതിനെല്ലാം പിന്നാലെയാണ് പതഞ്ജലിയിലൂടെ ധനികരുടെ ഫോബ്‌സ് പട്ടികയിലേക്കുള്ള ബാലകൃഷ്ണയുടെ പ്രവേശനം. വളർന്നു പന്തലിക്കുന്ന പതഞ്ജലി കഴിഞ്ഞവർഷം 5000 കോടി രൂപയുടെ ആദായമാണ് കഴിഞ്ഞ വർഷം ഉണ്ടാക്കിയത്.
രാംദേവ് പതഞ്ജലിയുടെ ഒറ്റ ഓഹരിയുടെ പോലും ഉടമയല്ലാത്തതിനാൽ ബാലകൃഷ്ണ രാംദേവിന്റെ ബിനാമിയായാണ് അറിയപ്പെടുന്നത്. എന്തായാലും സ്വത്തുക്കളെല്ലാം ബാലകൃഷ്ണയുടെ പേരിലായതിനാലാണ് ഫോബ്‌സ് ധനികരുടെ പട്ടികയിൽ ബാലകൃഷ്ണയെ ഉൾപ്പെടുത്തിയത്.
22.7 ബില്യൺ ഡോളറുമായി മുകേഷ് അംബാനി ഫോബ്‌സ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സൺ ഫാർമയുടെ ദിലീപ് സാങ്വി രണ്ടാം സ്ഥാനം നിലനിർത്തി. ഹിന്ദുജ കുടുംബം 15.2 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തെത്തി. വിപ്രോയുടെ അസിം പ്രേംജി 15 ബില്യൺ ഡോളറുമായി നാലാമതെത്തി. ഇകമഴ്‌സ് ഭീമൻ ഫ്‌ലിപ്കാർട്ടിന്റെ സഹസ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും പണക്കാരുടെ 100 ക്ലബിൽ നിന്ന് പുറത്തുപോയതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.