ബിജെപി നേതാക്കളെല്ലാം ട്വിറ്ററില്‍ ചൗക്കിദാര്‍മാര്‍ ആയിക്കൊണ്ടിരിക്കുന്നതിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ ബിജെപി നേതാക്കളെല്ലാം പേരിനൊപ്പം കാവല്‍ക്കാരന്‍ എന്ന് ചേര്‍ക്കുന്നത് എന്തിനാണ് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. റാഫേല്‍ ഇടപാട് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പരിഹാസം. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന്റെ ചുവട് പിടിച്ചാണ് ബിജെപി ചൗക്കിദാര്‍ ക്യാമ്പയിന്‍ തുടങ്ങിയത്.
നേതാക്കളെല്ലാം ട്വിറ്ററില്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കിദാര്‍(കാവല്‍ക്കാരന്‍) എന്ന് ചേര്‍ത്തതോടെ ക്യാമ്പയിന്‍ തരംഗമായി. ശനിയാഴ്ച്ച ആരംഭിച്ച ക്യാമ്പയിനില്‍ ഇതിനോടകം 20 ലക്ഷം പേരാണ് പങ്കുചേര്‍ന്നത്. ക്യാമ്പയിന്റെ ഭാഗമായുള്ള ഗാനം ഫോണിലെ കോളര്‍ ട്യൂണായി സെറ്റ് ചെയ്യാനുള്ള സൗകര്യവും ബിജെപി ഒരുക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ക്യാമ്പയിനെ പരിഹസിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ‘താങ്കള്‍ (മോദി) തന്നെ എല്ലാം മോഷ്ടിക്കുമ്പോള്‍ എന്തിനാണ് നിങ്ങളുടെ (ബിജെപി) നേതാക്കളെ കാവല്‍ക്കാരായി മാറ്റിയിരിക്കുന്നത്? ‘.
അരുണാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. രാഹുലിന്റെ വിമര്‍ശനത്തിന് പ്രതികരണവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. ജാമ്യത്തിലുള്ളവരും എന്തെങ്കിലും കാര്യമായി ഒളിക്കാനുളളവരുമാണ് ചൗക്കിദാര്‍ക്യാമ്പയിനെ എതിര്‍ക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. റഫേല്‍ കരാര്‍ ചൂണ്ടിക്കാട്ടിയാണ് കാവല്‍ക്കാരന്‍ തന്നെ കള്ളനായാല്‍ രാജ്യം എങ്ങനെ പുരോഗമിക്കുമെന്ന് മുമ്പൊരിക്കല്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്.