സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പദ്ധതികൾ കൊട്ടിഘോഷിച്ച് ആഘോഷിക്കപ്പെടുമ്പോഴും രാജ്യത്ത് ഗോരക്ഷയുടെ പേരിൽ കൊല്ലപ്പെട്ടത് 23 പേരെന്നു റിപ്പോർട്ട്. രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് ഇതുവരെ കൊല്ലപ്പെട്ടവരുടെ കണക്കാണ് ടൈംസ് ഓഫ ഇന്ത്യ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത്. മാധ്യമ റിപ്പോർട്ടുകൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. പല ആക്രമണങ്ങളും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്നതിനാൽ യയഥാർത്ഥ കണക്ക് ഇതിലും കൂടുതലാവാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. 2014 മെയ് മാസത്തിനുശേഷം രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 32 കേസുകളാണ് റിപ്പോർട്ടു ചെയ്തത്. പശുവിനെ കടത്തി, ബീഫ് കഴിച്ചു, ബീഫ് കൈവശം വെച്ചു എന്നീ ആരോപണങ്ങൾ ഉയർത്തിയാണ് ആക്രമണങ്ങൾ നടന്നത്. പശുവിന്റെ പേരിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പശുവിന്റെ പേരിൽ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ട സംഭവവുമുണ്ടായി. ഹരിയാനയിലെ മേവതിലെ സംഭവം അതിന് ഉദാഹരമാണ്. മേവത്തിൽ ബീഫ് കഴിച്ചവരെന്നു പറഞ്ഞ് രണ്ട് യുവതികളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും അവരുടെ രണ്ടു ബന്ധുക്കളെ കൊല്ലുകയും ചെയ്തു. 2014 ജൂണിനും 2015 ഡിസംബറിനും ഇടയിൽ 11 ആക്രമണങ്ങളാണ് നടന്നത്. എന്നാൽ അതിനുശേഷം ആക്രമണങ്ങൾ വലിയ തോതിൽ വർധിച്ചു. 2016ൽ 12ഉം 2017ൽ ഇതുവരെ ഒമ്പതുകേസുമാണ് റിപ്പോർട്ടു ചെയ്തത്. ഉത്തരേന്ത്യയിലാണ് ഇത്തരം ആക്രമണങ്ങളിൽ ഏറെയും നടന്നത്. ബി.ജെ.പി സർക്കാറും ബി.ജെ.പി അനുകൂല സംഘടനയും പശു സംരക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രചരണങ്ങളും ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പശുസംരക്ഷണത്തിന്റെ പേരിൽ കൊണ്ടുവന്ന നിയമങ്ങളും ഇത്തരം ആക്രമണങ്ങൾക്ക് വളമായെന്ന് ടൈംസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നു. ഒപ്പം ഗോരക്ഷകർക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പുലർത്തുന്ന നിസ്സംഗത ഇവരിൽ ശിക്ഷാഭയമില്ലാതാക്കിയെന്നും അക്രമം വർധിക്കാൻ ഇതൊരു കാരണമായെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു. പല ആക്രമണങ്ങളിലും വലിയ പ്രതിഷേധങ്ങൾക്കുശേഷമാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് പേരിനെങ്കിലും നടപടിയുണ്ടായത്. ദാദ്രിയിൽ അഖ്ലാഖിനെതിരെയുണ്ടായ ആക്രമണത്തിലും, ഉന സംഭവത്തിലുമെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ. ഗോരക്ഷകരുടെ ആക്രമണം പ്രധാനമായും മുസ്ലീങ്ങളെയാണ് ലക്ഷ്യമിടുന്നത്. എന്നാൽ മുസ്ലീങ്ങൾക്കു പുറമേ ദളിതരും ആദിവാസികളും ഇവരുടെ ഇരയായ സംഭവങ്ങളുണ്ട്.