സ്വന്തം ലേഖകൻ
അമൃത്സർ: 56 ഇഞ്ച് നെഞ്ചളവിൽ ഊറ്റം കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സൈനികന്റെ ഭാര്യയുടെ പ്രതിഷേധം വൈറലാകുന്നു. പാകിസ്ഥാനെ നിലയ്ക്കുനിർത്താനാകുന്നില്ലെങ്കിൽ ബ്രാ ധരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് 56 ഇഞ്ച് വലിപ്പമുള്ള ബ്രാ അയച്ചുകൊടുത്താണ് മുൻസൈനികന്റെ ഭാര്യയുടെ പ്രതിഷേധം. മോദിയുടെ 56 ഇഞ്ച് നെഞ്ചിന്റെ വലിപ്പം പൊയ്ക്കഴിഞ്ഞു എന്നാണ് അവർ ഉയർത്തുന്ന ആക്ഷേപം. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിൽക്കുന്ന സാഹചര്യത്തെ കുറിച്ചും ഇവർ പ്രധാനമന്ത്രിയ്ക്കയച്ച കത്തിൽ പറയുന്നു. ധരംവിർ സിംഗ് എന്ന മുൻസൈനികന്റെ ഭാര്യ സുമൻ സിംഗാണ് വ്യത്യസ്തമായ രീതിയിൽ പാകിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനത്തിൽ വിമർശനമറിയിച്ചിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയപ്പോൾ പാകിസ്ഥാനോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് സുമൻ ഓർമിപ്പിച്ചു. പാകിസ്ഥാൻ ഇന്ത്യൻ പട്ടാളക്കാരുടെ മൃതദേഹം വികൃതമാക്കിയതും സുമൻ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സൈനികർക്ക് സ്വതന്ത്ര അധികാരം നൽകണം. ഇപ്പോൾ സ്വന്തമായി ഒന്നും ചെയ്യാനാവാത്തവിധം അവരുടെ കൈകൾ ബന്ധിതമാണ്. അവർ കുറിച്ചു.
അംആദ്മി പാർട്ടിയിൽ അംഗമായ ധരംവിർ സിംഗ് എന്ന മുൻ സൈനികൻ ഇന്ത്യയെ സേവിച്ചത് 1991 മുതൽ 2007 വരെയാണ്. തന്റെ ഭാര്യയോടൊപ്പം അദ്ദേഹവും തന്റെ പ്രതിഷേധം മാധ്യമങ്ങളെ അറിയിച്ചു. സ്ത്രീകൾ കുട്ടികളേയും സഹോദരരേയും രാജ്യത്തിനായി അയയ്ക്കുന്നു. എന്നാൽ അങ്ങനെ പോകുന്നവർക്ക് ലഭിക്കുന്നതോ കല്ലേറുകളും. 56 ഇഞ്ചിന്റെ നെഞ്ച് ഇതോടെ പോയിമറഞ്ഞു എന്നാണ് മനസിലാക്കേണ്ടത്. ധരംവിർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. താൻ ജമ്മു കശ്മീരിൽ 11 വർഷം ജോലി ചെയ്തു എന്ന് ധരംവിർ സിംഗ് വ്യക്തമാക്കി. പാകിസ്ഥാനെതിരെയുള്ള ചില ഓപ്പറേഷനുകളിൽ താനും പങ്കാളിയായിട്ടുണ്ട്. രാഷ്ട്രപതിയിൽനിന്ന് മെഡലുകളും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ മക്കൾ പ്രതിരോധ വകുപ്പിൽ ചേരാനൊരുങ്ങുകയാണ്. അദ്ദേഹം പറഞ്ഞു. സംഭവം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചിരിക്കുകയാണിപ്പോൾ. പാകിസ്ഥാനോടുള്ള മൃദു സമീപനം ശരിയല്ല എന്ന് ഇതിനുമുമ്പും ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു പ്രതിഷേധം ഇതാദ്യമാണ്. നേരത്തെ പാകിസ്ഥാൻ വധിച്ച സൈനികന്റെ മകളും ശക്തമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
അച്ഛന്റെ രക്തസാക്ഷിത്വത്തിന് പകരമായി അൻപത് പാക് പട്ടാളക്കാരുടെ തലകൾ വേണമെന്നാണ് ബിഎസ്എഫ് ഹെഡ്കോൺസ്റ്റബിൾ പ്രേംസാഗറിന്റെ മകൾ സരോജ് പറഞ്ഞത്. എഎൻഐയോടായിരുന്നു സരോജിന്റെ പ്രതികരണം. ഉത്തർപ്രദേശിലെ ദിയോരിയ സ്വദേശിയാണ് നാൽപ്പത്തിയഞ്ചുകാരനായ പ്രേംസാഗർ. അതേസമയം പാക് സൈന്യം കൊലപ്പെടുത്തി മുഖം വികൃതമാക്കിയ സൈനികൻ പരംജീത് സിംഗിന്റെ കുടുംബം, രക്തസാക്ഷിത്വത്തിൽ അഭിമാനിക്കുന്നുവെന്നും പ്രതികരിക്കുകയുണ്ടായി.