ന്യൂഡല്‍ഹി :മോദി അടിയന്തര യോഗം വിളിച്ചു.പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകരാക്രമണത്തിന്റെയും അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കി.
ഉയര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥരുമായി നാളെ തുടങ്ങേണ്ട ചര്‍ച്ചയാണ് റദ്ദാക്കിയത്. രണ്ടു ദിവസമായിരുന്നു ഡോവലിന്റെ ചൈനീസ് സന്ദര്‍ശനം. ഇത് പിന്നീട് നടക്കുമെന്ന് അദ്ദേഹത്തിന്റെ ഒാഫിസ് അറിയിച്ചു.ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചു. പത്താന്‍കോട്ടില്‍ ഇപ്പോള്‍ നടക്കുന്ന സൈനിക നടപടികളും അഫ്ഗാനിലുണ്ടായ സംഭവങ്ങളും വിലയിരുത്തുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.
അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവങ്ങള്‍ മോദിയോട് വിശദീകരിക്കും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, സുരക്ഷാ ക്യാബിനറ്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.പത്താന്‍കോട്ടില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നാലു ഭീകരരെയാണ് ഇതുവരെ വധിച്ചത്. രണ്ടു പേര്‍കൂടി വ്യോമസേന താവളത്തില്‍ ഉണ്ടെന്നാണ് കരുതുന്നത്. ഏറ്റുമുട്ടലില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഏറ്റുമുട്ടല്‍ നീണ്ടിരിക്കുന്നത്.