മോഡി ഇഫക്‌ടും ഏറ്റില്ല: സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകും

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചനിരക്ക് ഏഴു ശതമാനമായി കുറയുമെന്ന് പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വിസിന്‍െറ പ്രവചനം. മണ്‍സൂണ്‍ ലഭ്യതക്കുറവും സാമ്പത്തിക പരിഷ്കരണ നടപടികള്‍ മന്ദഗതിയിലായതുമാണ് വളര്‍ച്ചനിരക്ക് കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
പുതിയ ചരക്കുസേവന നികുതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കാന്‍ കഴിയാത്തതുള്‍പ്പെടെയുള്ള രാഷ്ട്രീയ വിവാദങ്ങളും കാരണമായി പറയുന്നുണ്ട്. 7.5 ശതമാനം വളര്‍ച്ചയായിരുന്നു മൂഡിസ് നേരത്തേ പ്രവചിച്ചിരുന്നത്. ഏജന്‍സിയുടെ ഈ വര്‍ഷത്തെ ‘ഗ്ളോബല്‍ മാക്രോ ഒൗട്ട്ലുക്കി’ലാണ് പ്രവചനം. അതേസമയം, 2015-16 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
7.5 ശതമാനം വളര്‍ച്ചതന്നെയാണ് ഈ വര്‍ഷത്തേക്കും അന്താരാഷ്ട്ര നാണയനിധിയും (ഐ.എം.എഫ്) പ്രവചിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം 8.85 ശതമാനവും റിസര്‍വ് ബാങ്ക് 7.6 ശതമാനവുമാണ് സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നത്.

Top