സ്വന്തം ലേഖകൻ
ന്യൂഡൽഹി: നോട്ട് നിരോധനത്തിനു പിന്നാലെ ബാബാ രാംദേവ് പുറത്തിറക്കിയ ലൈംഗിക ഉത്തേജന മരുന്നിന്റെ മോഡൽ സാക്ഷാൽ പ്രധാനമന്ത്രി. ഒരു ലൈംഗിക ഉത്തേജക മരുന്ന് കമ്പനി പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ നോട്ട് നിരോധനവും ഉത്തേജനം തന്നെയെന്ന് പറയുന്നത്. രാജ്യനന്മക്കുവേണ്ടി നോട്ട് അസാധുവാക്കൽ തീരുമാനത്തെ പിന്തുണക്കണമെന്നാണ് പരസ്യം. ഈ നടപടിയിലൂടെ രാജ്യം ഉണരുന്നുവെന്നും ആളുകളെ ഉണർത്താൻ ഉന്നമിട്ടെത്തിയ പരസ്യം പറയുന്നു. ഉണർവ്വോടെ, ശക്തിയോടെ കർത്തവ്യം നിറവേറ്റാനാണ് പരസ്യം ആഹ്വാനം ചെയ്യുന്നത്. ഇത് നവമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
‘നോട്ട് പിൻവലിക്കലിനെക്കുറിച്ച് ചിന്തിക്കൂ, ഉണർന്നിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ,’ എന്ന വാചകങ്ങളോടെ പ്രസിദ്ധീകരിച്ച പരസ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തുന്നു. മാത്രമല്ല, സ്‌റ്റേ ഓൺ ഉത്തേജക കാപ്‌സ്യൂളിന്റെ പരസ്യം, ജനങ്ങളോട് പരാതി പറയുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നു. ‘ഇത് നിങ്ങളുടെ ത്യാഗമല്ല, കടമയാണ്. ഈ കർത്തവ്യം ഒരു പുഞ്ചിരിയോടെ, ഉണർവ്വോടെ, ശക്തിയോടെ നിറവേറ്റൂ.’
കോൺഗ്രസ് ഒരു തളർന്ന പാർട്ടിയാണെന്ന ധ്വനിയും ഉണ്ട് പരസ്യത്തിൽ, ‘അറുപത് വർഷങ്ങൾ നിങ്ങൾ പ്രതീക്ഷ നശിച്ച് കാത്തിരുന്നില്ലേ. അതുകൊണ്ട് ഇപ്പോഴുള്ള അസൗകര്യം കാര്യമാക്കണോ? ഇന്ത്യ ഒരു വൻശക്തിയായി വളരുന്നത് അഭിമാനത്തോടെ കാണൂ എന്നാണ് പരസ്യം പറയുന്നത്. ബാബാ രാംദേവിൻറെ പതഞ്ജലി പ്രൊഡക്റ്റ്‌സിൻറേതാണ് ഈ ക്യാപ്‌സൂൾ.