മൊറാദാബാദ്: ഇന്ത്യ മാറ്റം സ്വീകരിക്കുന്ന രാജ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാം മൊബൈല്‍ ഫോണിലൂടെ പണമിടപാടിന് തയാറാകണം. നിങ്ങളുടെ ഫോണാണ് ഇനി മുതല്‍ നിങ്ങളുടെ പണപ്പെട്ടി. നോട്ടുകള്‍ അടുക്കി വയ്ക്കാന്‍ ഇനി അഴിമതിക്കാരെ അനുവദിക്കരുതെന്നും മോദി ഉത്തര്‍പ്രദേശിലെ മെഗാറാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
പ്രതിപക്ഷത്തിനെതിരെ ശക്തമായി ആഞ്ഞടിച്ചുകൊണ്ടാണ് മോദി റാലിയില്‍ പ്രസംഗിച്ചത്. മണി മണി എന്ന് ഇതുവരെ പറഞ്ഞുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ മോദി മോദി എന്നാണ് പറയുന്നത്. പ്രതിപക്ഷം വാദിക്കുന്നത് കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണ്. കള്ളപ്പണത്തിനും അഴിമതിക്കും എതിരെ ശക്തമായ നിലപാട് എടുത്ത താന്‍ എങ്ങനെ കുറ്റക്കാരനാകുമെന്ന് പ്രതിപക്ഷം വിശദീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
ജന്‍ധന്‍ അക്കൌണ്ട് വഴി കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് എനിക്കറിയാം. പലരുടെയും അക്കൌണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനായി ധനികര്‍ പാവപ്പെട്ടവരുടെ വീടുകളില്‍ വരി നില്‍ക്കുകയാണ്. ഇത്തരത്തില്‍ ജന്‍ധന്‍ അക്കൌണ്ടുകളിലേക്ക് വന്ന പണം ആരും തിരികെ എടുത്ത് നല്‍കരുതെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ തരുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കും. ആ പണം പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള പുതിയ പദ്ധതി താന്‍ ആലോചിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യ എന്ന സങ്കല്‍പ്പം എല്ലാവരും ഏറ്റെടുക്കണമെന്നും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.