ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നല്‍കിയ വാഗ്ദാന പ്രകാരം ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് പറഞ്ഞ 15 ലക്ഷം രൂപ എപ്പോള്‍ കിട്ടുമെന്ന ചോദ്യത്തിന് മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമ പ്രകാരമായിരുന്നു ചോദ്യം. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളൊന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം തിരിച്ചെടുത്ത് രാജ്യത്തെ പൗരന്മാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മോദിയുടെ വാഗ്ദാനം ചൂണ്ടിക്കാട്ടി മോഹന്‍കുമാര്‍ എന്നയാളാണ് 2016 നവംബര്‍ 26ന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. മോദി പറഞ്ഞ 15 ലക്ഷം രൂപ ഓരോ പൗരന്റെയും അക്കൗണ്ടില്‍ എന്ന്, എങ്ങനെ വരുമെന്നായിരുന്നു അപേക്ഷയിലെ ചോദ്യങ്ങള്‍. മറുപടി ലഭിക്കാതായപ്പോള്‍ അദ്ദേഹം കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ അപ്പീല്‍ നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസും റിസര്‍വ് ബാങ്കും ചോദ്യത്തിനാവശ്യമായ മറുപടികള്‍ നല്‍കിയില്ലെന്ന് മോഹന്‍കുമാര്‍ ശര്‍മ മുഖ്യ വിവരാവകാശ കമ്മീഷണറായ ആര്‍ കെ മാഥുറിനോട് പറഞ്ഞു. ഇതിന് മറുപടി ആവശ്യപ്പെട്ടപ്പോളാണ് ഈ വിവരങ്ങളൊന്നും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കമ്മീഷനെ അറിയിച്ചത്. ആര്‍ടിഐ സെക്ഷന്‍ 2 എഫ് പ്രകാരം ഈ വിവരങ്ങള്‍ നല്‍കാനാവില്ലെന്നായിരുന്നു വിശദീകരണം.
അക്കൗണ്ടില്‍ 15 ലക്ഷം എപ്പോള്‍ വരുമെന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടി
Tags: modi