ന്യൂഡല്‍ഹി:മോഡിയുടെ പിന്‍ഗാമിയായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയ ആനന്ദിബെന്‍ പട്ടേല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന കണ്ടെത്തലും ഗുജറാത്തില്‍ ബിജെപിയുടെ തകര്‍ച്ച വിലയിരുത്തിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആലോചിക്കുന്നതായി സൂചനകള്‍ പുറത്തുവന്നു.കഴിഞ്ഞ മാസം നടന്ന പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഗുജറാത്തില്‍ ബി.ജെ.പിക്ക് കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും മാറിച്ചിന്തിക്കാന്‍ മോഡിയെ പ്രേരിപ്പിച്ചു.
ഗുജറാത്തില്‍ അടുത്തിടെ നടന്ന പട്ടേല്‍ വിഭാഗക്കാരുടെ സമരത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണം ശക്തമാണ്. എന്നാല്‍, സമരം ഇപ്പോള്‍ ബി.ജെ.പിക്കു തന്നെ തിരിച്ചടിയായിരിക്കുകയാണ്. പട്ടേല്‍മാര്‍ക്ക് സംവരണമില്ലെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ ഏറ്റവും വലിയ വോട്ടു ബാങ്ക് ഏതാണ്ട് നഷ്ടപ്പെട്ട അവസ്ഥയിലാണ്.
ഗുജറാത്തില്‍ വര്‍ഗീയ കലാപങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങി. പാര്‍ട്ടിക്കുള്ളിലും ഭരണത്തിലും അസ്വസ്ഥത പുകയുന്നു. നിലവിലെ സാഹചര്യത്തില്‍ 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് മോഡി ഭയക്കുന്നു. അതുകൊണ്ടാണ് തിരക്കിട്ട് നേതൃമാറ്റത്തെക്കുറിച്ച് മോഡി ചിന്തിക്കുന്നത്.എന്നാല്‍, ബി.ജെ.പി അദ്ധ്യക്ഷപദത്തില്‍ അമിത് ഷായുടെ പകരക്കാരനാരെന്ന ചോദ്യം മോദിയെ കുഴപ്പിക്കുന്നു. രാജ്‌നാഥ് സിംഗിനെയും നിതിന്‍ ഗഡ്കരിയെയുമാവും അദ്ധ്യക്ഷനായി മോഡി മനസ്സില്‍ കാണുന്നത്. രാജ്‌നാഥിനെ മോഡിക്കു വിശ്വാസമില്ല. മികച്ച മന്ത്രിയെന്നു പേരുള്ള ഗഡ്കരിയെ മാറ്റാനും മോഡിക്കു പ്രയാസമായിരിക്കും