പാലക്കാട്: പെരുമ്പാവൂരില്‍ ദളിത് യുവതി ജിഷ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരു പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ കണ്ണുതുറന്നില്ലെന്ന് മോഡി കുറ്റപ്പെടുത്തി. പാലക്കാട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ്എല്‍ഡിഎഫ് മുന്നണികളേയും മോഡി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരുകള്‍ മാറിമാറി വന്നിട്ടും കേരളത്തില്‍ വികസനമുണ്ടായില്ല. മാറിമാറി ഭരിച്ച് യുഡിഎഫും എല്‍ഡിഎഫും ജനങ്ങളെ വഞ്ചിക്കുന്നു. യുഡിഎഫും എല്‍ഡിഎഫും പരസ്പരം സഹകരിച്ചാണ് ഭരിക്കുന്നു. ഇരുമുന്നണികളുടെ കേരളത്തെ കൊള്ളയടിച്ചെന്നും മോഡി ആരോപിച്ചു.
കേരള നിയമസഭയില്‍ മൂന്നാം ശക്തിയായി ബിജെപി ഉയര്‍ന്നുവരും. അതിന്റെ തെളിവാണ് പാലക്കാട്ടെ ജനക്കൂട്ടം.
അറുപത് വര്‍ഷം ഭരിച്ചവര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്തില്ല. വികസനം ആഗ്രഹിക്കുന്നുവെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണം.
ബിജെപിയെ എതിര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണ്. കോളേജ് പ്രിന്‍സിപ്പലിന് ശവപ്പെട്ടി പണിത ഇടതുവിദ്യാര്‍ത്ഥി സംഘടനകളെ അംഗീകരിക്കാനാകുമോയെന്നും മോഡി ചോദിച്ചു.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായപ്പോള്‍ യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് രാജ്യത്ത് തിരികെയെത്തിച്ചു. പരവൂര്‍ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ ഡല്‍ഹിയില്‍ നിന്ന് വിദഗ്ധരുടെ സേവനം ലഭ്യമാക്കി. അവസരം ലഭിച്ചപ്പോള്‍ കേരളത്തിന്റെ രണ്ടു പ്രതിനിധികളെ പാര്‍ലമെന്റില്‍ എത്തിച്ചു. ചലച്ചിത്ര താരം സുരേഷ് ഗോപി, റിച്ചാര്‍ഡ് ഗേ എന്നിവര്‍ക്ക് നല്‍കിയ രാജ്യസഭാംഗത്വം േകരളത്തോട് കേന്ദ്ര സര്‍ക്കാരിനുള്ള പരിഗണനയുടെ തെളിവാണെന്നും മോദി അവകാശപ്പെട്ടു. കേരളത്തില്‍ വന്ന് സോളറിനെക്കുറിച്ച് സംസാരിക്കാന്‍ പേടിയാണെന്നും മോദി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ സോളര്‍ ഊര്‍ജം ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമ്പോള്‍ ഇവിടെ സോളര്‍ ഉപയോഗിച്ച് മന്ത്രിമാര്‍ കീശ വീര്‍പ്പിക്കുകയാണെന്നും മോദി പരിഹസിച്ചു.
പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി പാലക്കാട്ട് എത്തിയത്. ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ. കൃഷ്ണദാസ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, നഗരസഭാ വൈസ് ചെയര്‍മാനും മലമ്പുഴ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.