വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി വീണ്ടും മോദി; പ്രസംഗം ഇന്ന് വൈകീട്ട് അഞ്ചോടെ

നോട്ട് നിരോധനം, ജി.എസി.ടി തുടങ്ങിയ വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്കു ശേഷം വീണ്ടും രാജ്യത്തെ ജനതയെ മുള്‍മുനയില്‍ നിര്‍ത്തി പുതിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡല്‍ഹിയില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചാവും മോദി രാജ്യത്തോട് പുതിയ പ്രഖ്യാപനം നടത്തുക. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് വന്‍ മാറ്റം വരുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖയാവും ഇന്നു പ്രഖ്യാപിക്കുകയെന്നാണ് വിവരം.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ ബിജെപി ദേശീയ നിര്‍വാഹകസമിതിയുടെ സമാപനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗത്തിലാവും മാര്‍ഗരേഖയുടെ പ്രഖ്യാപനമുണ്ടാവുക. പ്രസംഗത്തിന്റെ തല്‍സമയ സംപ്രേഷണവുമുണ്ടാകും. നോട്ട് നിരോധനത്തെയും ജി.എസി.ടിയേയും തുടര്‍ന്ന് രാജ്യത്തിന്റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതുപോലെ മുന്നേറുന്നില്ലെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനം. രാജ്യത്തെ ഉയര്‍ന്ന മൂല്യത്തിലുള്ള 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം പോലെ രാജ്യത്തിന്റെ സാമ്പത്തികമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്നതാവും മോദിയുടെ ഇന്നത്തെ അഭിസംബോധനയും എന്ന ചിന്തയാണു സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക മാര്‍ഗരേഖ ഇന്നു പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. നികുതിയില്‍ വന്ന മാറ്റത്തിലൂടെ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ പണം കൈകാര്യം ചെയ്യാനുള്ള അവസരം പ്രഖ്യാപനത്തിലുണ്ടാവും എന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ന് നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതിയോഗം മോദിയുടെ പുതിയ പ്രഖ്യാപനത്തിന് നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നടത്തിയ വമ്പന്‍ മാറ്റങ്ങളില്‍ വലിയ എതിരിപ്പ് ഉയരുന്നതിനിടയിലും ബി.ജെ.പി യോഗങ്ങളില്‍ നേരത്തെ മോദിക്ക് പിന്തുണ ലഭിച്ചിരുന്നു.

Top