രാജ്യം എഴുപതാമത് സ്വാതന്ത്യ്ര ദിനം ആഘോഷിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
നിരവധി ത്യാഗങ്ങൾ സഹിച്ച് രാജ്യത്തിന് സ്വാതന്ത്യ്രം നേടി തന്നവരെ സ്മരിച്ച് കൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.
ഗോരഖ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട കുട്ടികളെ കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.
ഗോരഖ്പൂർ ദുരന്തം അതീവ ദു:ഖകരമാണ്. ഗോരഖ്പൂരിലെ കുഞ്ഞുങ്ങളോടൊപ്പം എല്ലാവരും തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും മോദി അഭ്യർത്ഥിച്ചു.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാർഷികം, ചമ്പാരൻ സത്യഗ്രഹത്തിന്റെ 100ാം വാർഷികം, ഗണേഷ് ഉത്സവത്തിന്റെ 125ാം വാർഷികം തുടങ്ങി നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് ഈ കൊല്ലമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എല്ലാവരും രാജ്യത്ത് തുല്യരാണെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങൾക്കിടയിൽ വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലെന്നും,നമ്മൾ ഒരുമിച്ച് നിന്നാൽ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാമെന്നും ചൂണ്ടിക്കാട്ടി.
ഏത് തരത്തിലുള്ള ഭീഷണികള്‍ നേരിടാനും രാജ്യം സുസജ്ജമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിർത്തിയിൽ നിന്നോ സിനിമയില്‍ നിന്നോ സൈബര്‍ ലോകത്തു നിന്നോ അതോ ബഹിരാകാശത്തുനിന്നോ ആയാലും എല്ലാ ഭീഷണികളെയും നേരിടാനുള്ള കരുത്ത് രാജ്യത്തിനുണ്ട്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നമ്മൾ ഒറ്റയ്ക്കല്ലെന്നും, വിവിധ രാജ്യങ്ങൾ പിന്തുണയുമായി ഇന്ത്യയ്ക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.