ന്യൂഡല്‍ഹി : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ പറ്റിയ സാഹചര്യമാണ് രാജ്യത്തേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്. ആദ്യ മൂന്നുവര്‍ഷത്തേക്ക് പരിശോധന പാടില്ല. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് നികുതിയൊഴിവ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ കര്‍മരേഖ പ്രധാനമന്ത്രി പുറത്തിറക്കി.
പദ്ധതിക്കായി 10,000 കോടി രൂപ സമാഹരിക്കും. പേറ്റന്റ് ഫീസില്‍ 80 ശതമാനം ഇളവ് അനുവദിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വായ്പ ഉറപ്പാക്കും. മൂന്നു വര്‍ഷം തൊഴില്‍, പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കില്ല. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനായുള്ള നടപടികള്‍ ലളിതമാക്കും. സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്നും മോദി പറഞ്ഞു.
പുതിയ സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ നിരവധി ഉണ്ടാകുന്നുണ്ട്. പക്ഷേ ചിലര്‍ ഇടയ്ക്കുവച്ചു അവരുടെ ആശയങ്ങള്‍ ഉപേക്ഷിച്ച് പോകുന്നു. എന്നാല്‍ മറ്റു ചിലര്‍ അതുമായി മുന്നോട്ടു പോകുന്നു. അവര്‍ വിജയം നേടുകയും ചെയ്യും. ഇത്തരത്തില്‍ വിജയിച്ചവരെ കണ്ട് മറ്റുള്ളവരും സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഇങ്ങനെ വിജയം കൈവരിച്ചവര്‍ വെറും വ്യവസായ സംരംഭകര്‍ മാത്രമല്ല, സാഹസികര്‍ കൂടിയാണ്. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആദ്യം വേണ്ടത് സാഹസികതയാണ്. പണം രണ്ടാമത്തെ ഘടകമാണ്. വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യമാണ് ഒരു വ്യവസായ സംരംഭകന്റെ വിജയമെന്നും മോദി പറഞ്ഞു.
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ തയാറെടുക്കുന്നവരെ നിരാശപ്പെടുത്തുന്ന മനോഭാവം ചിലര്‍ക്കുണ്ട്. ജനങ്ങള്‍ക്കിടയിലെ ഈ മനോഭാവം മാറണം. തൊഴില്‍ അന്വേഷകന്റെ സ്ഥാനത്തു നിന്നും തൊഴില്‍ സൃഷ്ടാവ് എന്ന നിലയിലേക്ക് യുവാക്കളുടെ മനോനില മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യവസായ സൗഹൃദപരമായ നികുതി പരിഷ്കരണമാണ് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതേറെ സഹായകമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെയും ബാങ്കുകളുടെയും ഭാഗത്തു നിന്നും എല്ലാവിധ സഹായവും ഉണ്ടാകും. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നിബന്ധനകള്‍ ലഘൂകരിക്കുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.