കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ കൊല്ലം പരവൂര്‍ പുറ്റിങ്കള്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി കൊല്ലത്തേക്ക് ഹെലികോപ്റ്ററിലാണ് എത്തിയത്. കനത്ത സുരക്ഷയാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എന്‍.കെ. പ്രേമചന്ദ്രന്‍ എംപി എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
സ്‌ഫോടനത്തില്‍ പരുക്കേറ്റ ഭൂരിഭാഗം പേരെയും പ്രവേശിപ്പിച്ചിരിക്കുന്ന കൊല്ലം ജില്ലാ ആശുപത്രിയിലാണ് മോദി ആദ്യം സന്ദര്‍ശിക്കുക എന്നായിരുന്നു വിവരം. എന്നാല്‍ ഇത് തെറ്റിച്ച് അദ്ദേഹം അപകടസ്ഥലം നേരിട്ടെത്തി സന്ദര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി പരുക്കേറ്റവരെ കണ്ടു. ഇതിനുശേഷമായിരുന്നു കൊല്ലം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള ചര്‍ച്ച. തിരുവനന്തപുരത്തെത്തിയ മോദിയെ ഗവര്‍ണര്‍ പി.സദാശിവം, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രത്യേക മെഡിക്കല്‍ സംഘത്തിനൊപ്പമാണ് മോദി എത്തിയത്.
പരിക്കേറ്റവരെ ആശ്വസിപ്പിച്ചും സഹായ വാഗ്ദാനവും നല്‍കിയാണ് മോദി ആശുപത്രി വിട്ടത്. രാജ്യത്തെ നടുക്കിയ ദുരന്തമാണ് കൊല്ലത്തെ പരവൂരില്‍ ഉണ്ടായതെന്നതിനാല്‍ അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് തന്നെയായിരുന്നു മോദി കൊല്ലത്തെത്തിയത്. കേന്ദ്ര മന്ത്രിമാരും രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേരളത്തില്‍ എത്തിയിരുന്നു. രാഷ്ട്രീയം മറന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ഏകോപനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കി.
അപകടം ഉണ്ടായ ക്ഷേത്രപരിസരത്ത് എത്തിയ മോദി ദുരന്ത സ്ഥലം നേരില്‍ കണ്ടു. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് അദ്ദേഹം ആഭ്യന്തര മന്ത്രിയോടും എംപിയോടും ചോദിച്ച് മനസിലാക്കി. മൃതദേഹങ്ങള്‍ തിരിച്ചറിയാനും ബന്ധുക്കള്‍ക്ക് വി്ട്ടുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന കാര്യം രമേശ് ചെന്നിത്തല പ്രധാനമന്ത്രിയെ ബോധിപ്പിച്ചു. ഇതിന് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും സഹായവും മോദി വാഗ്ദാനം ചെയ്തു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിക്കൊപ്പം എ.കെ. ആന്റണി വി.എം. സുധീരന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു.
കൊല്ലം ക്ഷേത്രത്തിലെ അപകട വാര്‍ത്ത ഹൃദയഭേദകമാണ്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബത്തിനൊപ്പം എന്റെ പ്രാര്‍ഥനകളുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചു. അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളുമെടുക്കും. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയോട് കേരളത്തിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയും പരുക്കേറ്റവരെ സന്ദര്‍ശിച്ചു. മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, രമേശ് ചെന്നിത്തല, ഷിബു ബേബി ജോണ്‍ തുടങ്ങിയവരും സംഭവസ്ഥലം സന്ദര്‍ശിച്ചു.
അതേസമയം, അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്റ്റര്‍ വിട്ടുതരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എല്ലാ പരിപാടികളും റദ്ദാക്കി അദ്ദേഹം കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ആശുപത്രികളിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവധിയിലായിരുന്ന ഡോക്ടര്‍മാരോട് ഉടന്‍തന്നെ ആശുപത്രിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ച് കൊല്ലത്ത് എത്തി.