ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുവേണ്ടിയുള്ള പരസ്യത്തിനായി രണ്ടരവര്‍ഷക്കാലം കേന്ദ്രസര്‍ക്കാര്‍ ചിലവക്കിയത് 1,100 കോടിരൂപ. വിവരാവകാശ നിയമപ്രകാരം വാര്‍ത്താ വിനിമയ പ്രക്ഷേപണം മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. 2014 ജൂണ്‍ ഒന്ന് മുതല്‍ 2016 ഓഗസ്റ്റ് 31 വരെ പരസ്യങ്ങള്‍ക്ക് ചെലവഴിച്ച തുകയാണിത്.
ഇക്കാലയളവില്‍ പ്രതിദിനം പൊടിച്ച പണം നോക്കുകയാണെങ്കില്‍ 1.4 കോടി വരും. സാമൂഹ്യപ്രവര്‍ത്തകന്‍ രാംവീര്‍ സിങ് ആണ് ആര്‍ടിഐ നിയമപ്രകാരം മന്ത്രാലയത്തില്‍ നിന്നും മറുപടി തേടിയത്.
ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗള്‍യാന് ചെലവിട്ട തുകയുടെ ഇരട്ടിയലധികം വരും ‘മോഡി’പരസ്യങ്ങള്‍ക്കായി കേന്ദ്രം ചെലവഴിച്ച തുക. ലോകത്തെ തന്നെ ഏറ്റവും ചെലവുകുറഞ്ഞ ചൊവ്വാ ദൗത്യമായ മംഗള്‍യാന് 450 കോടിയാണ് ഇന്ത്യ മുടക്കിയിരുന്നത്.
ടെലികാസ്റ്റ്/ടെലിവിഷന്‍, ഇന്റര്‍നെറ്റ്, മറ്റു ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മാത്രം ചെലവഴിച്ച തുകയാണ് ഇപ്പോള്‍ ആര്‍ടിഐ നിയമപ്രകാരം പുറത്തുവന്നിരിക്കുന്നത്. പ്രിന്റ് മീഡിയ പരസ്യങ്ങള്‍, പോസ്റ്ററുകള്‍, ബുക്ക്ലെറ്റുകള്‍, കലണ്ടറുകള്‍, പരസ്യബോര്‍ഡുകള്‍ എന്നിവയ്ക്ക് ചെലവിട്ട തുക 1,100 കോടിയില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുംകൂടി ചേര്‍ന്നാല്‍ പരസ്യങ്ങള്‍ക്കായി ചെലവിട്ട തുക ഇതിലും എത്രയോ മടങ്ങ് അധികമായിരിക്കും.
പരസ്യങ്ങള്‍ക്കായി ആം ആദ്മി സര്‍ക്കാര്‍ പ്രതിദിനം 16 ലക്ഷം ചെലവിടുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ആര്‍ടിഐ മറുപടി നേരത്തെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ഇതിന്റെ പേരില്‍ ആപ്പ് സര്‍ക്കാരിന് വന്‍ വിമര്‍ശനം നേരിടേണ്ടി വന്നു. സ്വയം വാഴ്ത്താനാണ് അരവിന്ദ് കെജ്രിവാളിന്റെ ശ്രമമെന്ന് ബിജെപി അന്ന് ആരോപിച്ചിരുന്നു.