അജ്‌മേര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഏറെ കൊട്ടിഘോഷിച്ച രാജസ്ഥാനിലെ കാഷ്‌ലസ് ഗ്രാമം നയ ഗാവില്‍ മതിയായ ഇന്റര്‍നെറ്റ് സൗകര്യം പോലുമില്ലെന്ന് റിപ്പോര്‍ട്ട്. കറന്‍സി രഹിത ഇടപാടുകള്‍ക്കുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമൊരുക്കാതെയാണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഡിസംബര്‍ 17നാമ് നയ ഗാവ് കറന്‍സി രഹിത ഗ്രാമമായി പ്രഖ്യാപിച്ചത്. ഔദ്യോഗികമായി ഈ ഗ്രാമത്തില്‍ അഞ്ച് പോയിന്റ് ഒാഫ് സെയില്‍ (സൈ്വപ്പിങ്) മിഷേനുകള്‍ സ്ഥാപിക്കുകയും സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ബാങ്കിങ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രാമത്തില്‍ മതിയായ ഇന്റര്‍നെറ്റ് സൗകര്യമില്ല എന്നതുമാത്രമല്ല സര്‍ക്കാര്‍ വിതരണം ചെയ്ത മിഷേനുകളെല്ലാം പ്രവര്‍ത്തിക്കാത്തതുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.
കറന്‍സി രഹിത ഗ്രാമമായി പ്രഖ്യാപിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും മൂന്നു കിലോമീറ്റര്‍ അകലെയുള്ള ബാങ്കിന്റെ എ.ടി.എമ്മിനു മുമ്പില്‍ ക്യൂ നിന്ന് നിത്യച്ചിലവിനുള്ള പണമെടുക്കേണ്ട സ്ഥിതിയാണിവര്‍ക്ക്.
‘ഗ്രാമത്തിലുള്ള ഏകദേശം എല്ലാവര്‍ക്കും എ.ടി.എം കാര്‍ഡുണ്ട്. പക്ഷെ ഞങ്ങള്‍ക്കത് ഉപയോഗിക്കാനാവുന്നില്ല. മെഷീനൊന്നും പ്രവര്‍ത്തിക്കുന്നതല്ല. ഹര്‍മാരയിലെ ബാങ്കിനു മുമ്പില്‍ ക്യൂ നിന്ന് പണം പിന്‍വലിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇവിടെ ഒരുമാറ്റവും വന്നിട്ടില്ല.’ ഗ്രാമത്തില്‍ കട നടത്തുന്ന നഡ്രാം പറയുന്നു.കറന്റ് അക്കൗണ്ടുകള്‍ തുടങ്ങാന്‍ ബാങ്ക് നിര്‍ദേശിച്ചിരുന്നു. സൈ്വപ്പിങ് മെഷീനുകളും നല്‍കി. ബാങ്ക് ഓഫ് ബറോഡയാണ് മെഷീനുകള്‍ നല്‍കിയത്. ഗ്രാമത്തില്‍ നാലു പലചരക്കുകടകളും ഷോപ്പുകളും ഒരു വളം വില്‍ക്കുന്ന കടയുമാണുള്ളത്. എന്നാല്‍ ഈ കിട്ടിയ മെഷീനുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെയൊരു എ.ടി.എം സ്ഥാപിക്കുമെന്ന് ഡിസംബര്‍ 17ന് ബാങ്ക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതിനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല. എ.ടി.എം കാര്‍ഡുകള്‍ കൊണ്ട് തങ്ങള്‍ക്ക് യാതൊരു ഉപയോഗവുമില്ല. ഇപ്പോഴാണ് തങ്ങള്‍ ശരിക്കും ‘കാഷ്‌ലസ്’ ആയതെന്ന് കൂലിപ്പണിക്കാരനായ റാമിയ പറയുന്നു.അതേസമയം കാഷ്‌ലസ് ഗ്രാമമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വലിയൊരു പോസ്റ്റര്‍ ഈ ഗ്രാമത്തില്‍ ഇപ്പോഴുമുണ്ട്.1600 പേരാണ് ഈ ഗ്രാമത്തിലുള്ളത്. 250 വീടുകളും. ഭൂരിപക്ഷവും കര്‍ഷകരാണ്.