ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദ്യുടെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടണില്‍ വന്‍ പ്രതിഷേധമുയരുന്നു. മോദിയെ ഹിറ്റലറോട് ഉപമിച്ചുള്ള പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം യൂ.കെ പാര്‍ലമെന്റ് പരിസരത്ത് ഉയര്‍ന്ന പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.വാളുയര്‍ത്തി നില്ക്കുന്ന നരേന്ദ്രമോഡിയും നാസി ചിഹ്നവും ഒപ്പം മോഡിക്ക് സ്വാഗതമില്ല എന്ന വാക്കുകളുമാണ് പോസ്റ്ററിലുള്ളത്. ബ്രിട്ടണ് നിവാസികളായ ആവാസ് നെറ്റ്വാര്‍ക്കാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മൂന്നു ദിവസത്തെ സന്ദര്‍ശനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണിത്.
ഡിജിറ്റല്‍ ഇന്ത്യയുടെയും ശുചിത്വഭാരതത്തിന്റെയും പേരിലുള്ള ആശയങ്ങളുമായി രംഗത്ത് വന്ന മോദിയുടെ യഥാര്‍ത്ഥ ലക്ഷ്യം മതസൗഹാര്‍ദ്ദവും ജനാധിപത്യവും തകര്‍ക്കുകയാണെന്ന് ആവാസ് നെറ്റ്വര്‍ക്ക് നേതാക്കള്‍ ആരോപിച്ചു.ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിവേദനം ബ്രിട്ടീഷ് അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. 40 ബ്രിട്ടീഷ് എംപിമാര്‍ ചേര്‍ന്ന് ഒപ്പിട്ട നിവേദനം പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മോഡിക്ക് കൈമാറും. യു.കെ പാര്‍ലമെന്റില്‍ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി എലിസബത്ത് രാഞ്ജിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഒന്‍പത് കൊല്ലത്തെ ഇടവേളക്ക് ശേഷമാണ് ബ്രിട്ടനുമായി ഇന്ത്യ ഉഭയ കക്ഷി ചര്‍ച്ച നടക്കാന്‍ പോകുന്നത്.