പ്രളയക്കെടുതിയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതിനായി നേരിൽ കാണാൻ അവസരം ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ഥന പ്രധാനമന്ത്രി തള്ളി. ധനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരെ കാണാനുളള എംപിമാരുടെ ശ്രമങ്ങളും വിജയിച്ചില്ല. വിദേശ സഹായം സ്വീകരിക്കാന്‍ അനുവദിക്കുക,കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുക തുടങ്ങിയആവശ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരേയും കാണാനാണ് എംപിമാരുടെ സംഘം തീരുമാനിച്ചത്.
എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രി, ഗ്രാമവികസനമന്ത്രി, ഭക്ഷ്യമന്ത്രി എന്നിവരുമായി സംഘം കഴിഞ്ഞ ആഴ്ച ചര്‍ച്ച നടത്തിയിരുന്നു. വിദേശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച അനുവദിക്കുമെന്നായിരുന്നു എംപിമാരുടെ പ്രതീക്ഷ. എന്നാല്‍ സമയം കിട്ടിയാല് അടുത്ത ആഴ്ച കാണാമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് എംപിമാരെ അറിയിച്ചത്.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി എത്തിയ നടന്‍ മോഹന്‍ലാലിനെ കാണാന്‍ സമയം അനുവദിച്ച പ്രധാനമന്ത്രി, വന്‍ ദുരന്തം നേരിട്ട കേരളത്തിലെ ജനങ്ങളെ അവഗണിച്ചുവെന്ന് എം പിമാര്‍ കുറ്റപ്പെടുത്തുന്നു. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് , ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ് ലി എന്നിവരെ കാണാനും എംപിമാര്‍ രണ്ടാഴ്ചയായി ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇത് വരെയും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല.