മുഹമ്മദ് സിറാജുദ്ദീന്റെ ഐ.എസ്.ബന്ധം:കര്‍ണാടക പോലീസും അന്വേഷിക്കും

ഇസ്ലാമിക് സ്റ്റേറ്റുമായി(ഐ.എസ്.) ബന്ധംപുലര്‍ത്തിയതിന് ജയ്പ്പുരില്‍ അറസ്റ്റിലായ കലബുറഗി സ്വദേശിയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥനുമായ മുഹമ്മദ് സിറാജുദ്ദീനെക്കുറിച്ച് കര്‍ണാടക പോലീസും അന്വേഷിക്കും. കലബുറഗിയിലെ മഹാത്മ ബസവേശ്വര്‍ കോളനിയിലെ വീട് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രാജസ്ഥാന്‍ പോലീസില്‍നിന്ന് ഔദ്യോഗികമായി വിവരം ലഭിച്ചാല്‍ അന്വേഷണം ശക്തമാക്കാനാണ് തീരുമാനം.
എന്നാല്‍, അറസ്റ്റുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. കര്‍ണാടക പോലീസിനും ഔദ്യോഗികമായ വിവരങ്ങള്‍ രാജസ്ഥാന്‍ പോലീസില്‍നിന്ന് ലഭിച്ചിട്ടില്ല.
മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൂത്തമകനായ സിറാജുദ്ദീന്‍ കോയമ്പത്തൂര്‍ എന്‍ജിനീയറിങ് കോളേജില്‍നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.
നേരത്തേ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ബെംഗളൂരുവില്‍ മാര്‍ക്കറ്റിങ് മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. ഒരുവര്‍ഷംമുമ്പാണ് ജയ്പ്പുരിലേക്ക് സ്ഥലംമാറ്റം ലഭിച്ചതെന്നാണ് അറിയുന്നത്. ബെംഗളൂരുവില്‍ ജോലിചെയ്യുന്നതിനിടയില്‍ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നോവെന്ന കാര്യം പോലീസ് പരിശോധിക്കും.
ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് സിറാജുദ്ദീനുമായി ബന്ധമുള്ളതായും ഭീകരവിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്. ഹൈദരാബാദ് സ്വദേശിയായ യുവതിയും മഹാരാഷ്ട്രയില്‍നിന്നുള്ള രണ്ട് യുവാക്കളും തന്നോടൊപ്പം ഐ.എസ്സിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി സിറാജുദ്ദീന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിറാജുദ്ദീന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസിന്റെ ആരോപണം.
Top