കൊച്ചി : മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപ് എംപി സ്ഥാനത്ത് തുടരാം. വധശ്രമക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. കേസില്‍ നാലാഴ്ചയ്ക്ക് ശേഷം വാദം കേള്‍ക്കും.
വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഫൈസലിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചത്. പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയിരുന്നു.
മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായത്. സുപ്രീം കോടതി സ്റ്റേയോടെ ഫൈസലിന് എംപിയായി തുടരാം.