കൊച്ചി: ചാലക്കുടിയില്‍ നടന്ന കലാഭവന്‍ മണി അനുസ്മരണ ചടങ്ങില്‍ സംവിധായകന്‍ വിനയനെ ഒഴിവാക്കിയത് നടന്‍ മോഹന്‍ലാലിന്റെ ഇടപെടലിനെത്തുടര്‍ന്നാണെന്നു മാക്ട ഫെഡറേഷന്‍ പ്രസിഡന്റ് സംവിധായന്‍ ബൈജു കൊട്ടാരക്കര. വിനയന്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ താന്‍ വരില്ലെന്നു മലയാളത്തിലെ ഒരു പ്രമുഖ ഗായകന്റെ സാന്നിധ്യത്തിലാണ് സൂപ്പര്‍ താരം പറഞ്ഞതെന്ന് ബൈജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കലാഭവന്‍ മണിയുടെ ഏറ്റവും മികച്ച 13 ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളയാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത്. മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ മോശമായി പ്രതികരിച്ച മണി അഭിനയിച്ച ഒരു ചിത്രം പോലും ഒരുക്കാത്ത സംവിധായകനു പോലും ചടങ്ങില്‍ മുന്‍നിരയില്‍ ഇടം ലഭിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ഇടപെടല്‍ നടത്തിയ സൂപ്പര്‍ താരവും മാധ്യമപ്രര്‍ത്തകയ്‌ക്കെതിെര മോശമായി പ്രതികരിച്ച സംവിധായകനും മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെട്ടു.
മണിയുടെ അനുസ്മരണത്തില്‍ തന്നെ ബോധപൂര്‍വ്വം ഒഴിവാക്കുകയായിരുന്നെന്ന് നേരത്തെ വിനയന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നില്‍ സൂപ്പര്‍ താരമാണെന്നും ഒരു ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞിരുന്നു. ബൈജു കൊട്ടാരക്കരയുടെ വെൡപ്പെടുത്തലോടെ ലാലിനെതിരെയുളള ആരോപണം ശരിയായിരിക്കുകയാണ്.