സുരഭി ലക്ഷ്മി മോഹന്‍ലാലിന്‍റെ മകളായും അഭിനയിച്ചിട്ടുണ്ട്; അത് മോഹന്‍ലാല്‍ പോലും അറിഞ്ഞിട്ടില്ല

കോമഡി കഥാപാത്രങ്ങളിലൂടെ അറിയപ്പെട്ടിരുന്ന സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെയാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ജാഡയില്ലാതെ എല്ലാവരോടും ഒരേപോലെ പെരുമാറുന്ന സുരഭി കഴിഞ്ഞ ദിവസം അമൃതാ ടിവിയിലെ ലാല്‍സലാം എന്ന പരിപാടിയില്‍ ഒരു കാര്യം പറഞ്ഞു. ‘ഞാന്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.’ ഇക്കാര്യം പറഞ്ഞപ്പോള്‍, ‘അയ്യോ’ എന്നതായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. രാജീവ് നാഥ് സംവിധാനം ചെയ്ത പകല്‍നക്ഷത്രങ്ങള്‍ എന്ന സിനിമയിലാണ് സുരഭി മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചിട്ടുള്ളത്. 2008ല്‍ പുറത്തിറങ്ങിയ സിനിമയാണിത്. ഈ സിനിമയില്‍ അനൂപ് മേനോന്റെയും സുരഭിയുടെയും അച്ഛന്റെ കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നാല്‍, ലാലേട്ടനുമായി സുരഭിക്ക് കോംപിനേഷന്‍ സീനുകളൊന്നും ഇല്ലായിരുന്നു. ഏതാണ്ട് ഒരു സീനിമല്‍ മാത്രമായിരുന്നു സുരഭി പ്രത്യക്ഷപ്പെട്ടത്. കറുത്തമുത്ത് സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട ബാലതാരം അക്ഷര, പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മീനാക്ഷി എന്നിവര്‍ക്കൊപ്പമാണ് സുരഭി ലാല്‍സലാമില്‍ അതിഥിയായി എത്തിയത്. സുരഭിയ്ക്ക് ദേശീയ പുരസ്‌ക്കാരം ലഭിച്ച വേദിയില്‍ പങ്കാളിയാകാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണെന്ന് പറഞ്ഞപ്പോഴാണ് മകളായി അഭിനയിച്ചിട്ടുണ്ടെന്ന കാര്യം സുരഭി മോഹന്‍ലാലിനോട് പറയുന്നത്. പിന്നീട് ദേശീയ പുരസ്‌ക്കാരം ലഭിച്ച സിനിമയുടെ വിശേഷങ്ങള്‍ അവര്‍ പങ്കുവെച്ചു.

Top