മോഹന്‍ലാല്‍ സിനിമ തന്റെ കഥ മോഷ്ടിച്ചിട്ടുണ്ടാക്കിയതാണെന്ന് കലവൂര്‍ രവികുമാര്‍

ഇന്ദ്രജിത്ത്, മഞ്ജുവാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍. തന്റെ ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് രവികുമാര്‍ പറഞ്ഞു. ‘ഞാന്‍ എഴുതിയ കഥാസമാഹാരത്തിന്റെ രണ്ട് എഡിഷന്‍ പുറത്തിറങ്ങിയിട്ടുണ്ട്. അത് മോഹന്‍ലാലടക്കം വായിച്ചതാണ്. മോഹന്‍ലാല്‍ ആരാധികയായ ഭാര്യ കാരണം ഒരാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും പ്രശ്‌നങ്ങളുമൊക്കെയാണ് എന്റെ കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പുതന്നെ ഞാന്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു. ‘മോഹന്‍ലാല്‍’ എന്റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും എനിക്ക് പ്രതിഫലം നല്‍കണമെന്നും കഥയുടെ അവകാശം നല്‍കണമെന്നും വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടുപോയി. ഇപ്പോള്‍ അവര്‍ ഒത്തുതീര്‍പ്പിന് വരികയാണ്. എനിക്ക് നന്ദി എഴുതി കാണിക്കാം എന്നാണ് അവര്‍ പറയുന്നത്. അതിലെന്ത് കാര്യം? ഒരാളുടെ കഥ മോഷ്ടിച്ചിട്ട് നന്ദി പറഞ്ഞിട്ട് എന്താണ് ഫലം. സ്വന്തം കഥ മറ്റൊരാളുടെ പേരില്‍ വരുന്നതിനേക്കാള്‍ വലിയ ദുഖം എന്താണ്? അത്തരം ഒരു അവസ്ഥ ഒരു എഴുത്തുകാരനും സഹിക്കാന്‍ കഴിയില്ല. എനിക്ക് ആരുടെയും നന്ദി വേണ്ട. എഴുത്തുകൊണ്ട് ജീവിക്കുന്നവരുടെ കുടുംബത്തിന്റെ അവസ്ഥ എന്താകുമെന്ന് ഇവരാരും ചിന്തിക്കുന്നില്ല. മാന്യമായ പ്രതിഫലം നല്‍കാന്‍ മടിക്കുന്നതെന്തിന്?’ രവികുമാര്‍ ചോദിക്കുന്നു. പകര്‍പ്പാവകാശം നിയമം അനുസരിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് രവികുമാറിന്റെ അഭിഭാഷകന്‍ പ്രശാന്ത് പറഞ്ഞു.

‘2005 ല്‍ പ്രസിദ്ധീകരിച്ച കഥയാണിത്. 2006 ല്‍ പുസ്തകരൂപത്തില്‍ ആദ്യ എഡിഷന്‍ പുറത്തിറക്കി. 2012 ല്‍ രണ്ടാമത്തെ എഡിഷനും ഇറക്കി. രവികുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കി സിനിമയാക്കാനുള്ള ശ്രമത്തിലായിരുന്നു. ഈ കഥ മോഷ്ടിച്ചാണ് മോഹന്‍ലാല്‍ എന്ന സിനിമ ഇറക്കുന്നത്. ആദ്യം രവികുമാര്‍ സമീപിച്ചത് ഫെഫ്കയെയാണ്. അദ്ദേഹത്തിന്റെ വാദം ശരിയാണെന്ന് ഫെഫ്കയ്ക്ക് ബോധ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന് ക്രെഡിറ്റ് നല്‍കാമെന്ന് സാജിദ് യഹിയയും ചിത്രത്തിന്റെ തിരക്കഥാകൃത്തുമൊക്കെ അന്ന് സമ്മതിച്ചതാണ്. ഇദ്ദേഹത്തിന് നഷ്ടപരിഹാരം ഇതുവരെ നല്‍കിയിട്ടില്ല. തുടര്‍ന്നാണ് തൃശ്ശൂര്‍ ജില്ലാകോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്‍ജങ്ഷന്‍ ഹര്‍ജിയില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് കോടതി അടിയന്തരമായി മറുപടി ആവശ്യപ്പെട്ടു കഴിഞ്ഞു. ഏപ്രില്‍ അഞ്ചിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ സിനിമയുടെ റിലീസ് തടയുന്നതടക്കമുള്ള നടപടികളിലേക്ക് പോകേണ്ടിവരും’ അഭിഭാഷന്‍ പറഞ്ഞു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരാണ് ‘മോഹന്‍ലാലി’ല്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മോഹന്‍ലാല്‍ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു അവതരിപ്പിക്കുന്നത്. സംവിധായകന്‍ തന്നെ എഴുതിയ കഥയാണ് മോഹന്‍ലാലിന്റേതെന്ന് അണിയറ പ്രവര്‍ത്തര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തിരക്കഥ സുനീഷ് വരനാട്. ഏപ്രില്‍ 13നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top