കൊച്ചി: കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിനെ ബിജെപിയിലേയ്‌ക്കെത്തിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുന്നു. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി ചര്‍ച്ച നടത്തി. ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ഇടപെട്ട് മോഹന്‍ലാലിനു വേണ്ട സൗകര്യങ്ങളും സ്ഥാനങ്ങളും ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ മോഹന്‍ലാലിനെ അവതരിപ്പിക്കുന്നതിനാണ് നീക്കം. ഇതിന്റെ ആദ്യ ഘട്ട ചര്‍ച്ചകളുടെ ഭാഗമായി ഏപ്രില്‍ ആദ്യം മോഹന്‍ലാല്‍ ഡല്‍ഹിയില്‍ എത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. സംവിധായന്‍ മേജര്‍ രവിയും അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
കേരളത്തില്‍ ബിജെപിയിലേയ്ക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സംഘപരിവാര്‍ പാരമ്പര്യമുള്ള മോഹന്‍ലാലിനെ ബിജെപിയുടെ ഭാഗമാക്കാനുള്ള ശ്രമം നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ ആര്‍എസ്എസ് നേതൃത്വം മോഹന്‍ലാലുമായി ഇതു സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, അന്ന് മോഹന്‍ലാല്‍ രാഷ്ട്രീയ രംഗത്തേയ്ക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ഇതിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ സമയത്ത് പത്തനാപുരത്ത് ഗണേഷ്‌കുമാറിനു വേണ്ടി പ്രചാരണരംഗത്തും, കോട്ടയം മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു വേണ്ടി പ്രചാരണത്തിനിറങ്ങിയതുമാണ് ബിജെപി ആര്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
സംഘകുടുംബാംഗമായിരുന്നിട്ടു കൂടി മോഹന്‍ലാല്‍ മറ്റു പാര്‍ട്ടികള്‍ക്കു വേണ്ടിമാത്രം പ്രചാരണത്തിനിറഭങ്ങിയതിനെതിരെ ആര്‍എസ്എസ് നേതൃത്വം രംഗത്ത് എത്തുകയും ചെയ്തു. ഇതോടെയാണ് മോഹന്‍ലാല്‍ ബിജെപി പ്രവര്‍ത്തന രംഗത്ത് സജീവമാകുമെന്നു ആര്‍എസ്എസ് നേതൃത്വത്തിനു ഉറപ്പു നല്‍കിയത്. സംഘത്തിന്റെയും ബിജെപിയുടെയും അനുഭാവി എന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ശേഷം പാര്‍ലമെന്റ് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലം പരിശോധിച്ച ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ബിജെപിയുടെ ഭാഗമാകാമെന്ന സൂചനയാണ് ഇപ്പോള്‍ മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.