മഞ്ജുവാര്യരും മോഹല്‍ലാലും ഭാര്യഭര്‍ത്താക്കന്‍മാരാകുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നീണ്ട ഇടവേളയ്ക്കുശേഷം ഇവരുവരും ഒന്നിയ്ക്കുകയാണ്.
സിനിമയില്‍ വളരെ പ്രധാനപ്പെട്ടതും ശക്തവുമായ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ എത്തുക. വാഗമണ്ണാണ് പ്രധാന ലൊക്കേഷന്‍. 50, 55 ദിവസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മാര്‍ച്ച് അഞ്ചിന് മോഹന്‍ലാല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
തമിഴ് നടന്‍ വിശാല്‍ ആണ് മറ്റൊരു താരം. കൂടാതെ ഹന്‍സിക, തെലുങ്ക് നടി റാഷി ഖന്ന, തെലുങ്ക് താരം ശ്രീകാന്ത് എന്നിവരും അണിനിരക്കുന്നു. പുലിമുരുകനിലെ മാസ്മരിക സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ സിനിമയുടെയും സ്റ്റണ്ട് ഡയറക്ടര്‍. പീറ്റര്‍ ഹെയ്‌നെ കൂടാതെ സ്റ്റണ്ട് സില്‍വയും ചിത്രത്തിലെ സ്റ്റണ്ട് ഡയറക്ടര്‍മാരില്‍ ഒരാളാണ്.
സാങ്കേതികമായി ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തില്‍ വിഎഫ്എക്‌സിനും അമിതമായ പ്രാധാന്യം നല്‍കിയിരിക്കുന്നു. 25 -30 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യം കല്‍പ്പിക്കുന്ന ചിത്രം പെര്‍ഫക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുക. സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക.
ചിത്രത്തിലെ കഥാപാത്രത്തിനായി പ്രത്യേക തയ്യാറെടുപ്പിലാണ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഇതിനായി ആയുര്‍വേദ ചികിത്സയിലാണ് താരം ഇപ്പോള്‍. പൂമുള്ളിയിലാണ് ചികിത്സ. മെലിഞ്ഞ ശരീരപ്രകൃതി കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ് ചികിത്സതേടാന്‍ അദ്ദേഹം തീരുമാനിച്ചത്.